കെ റെയില്‍ സമരം ; ജയിലുകള്‍ കണ്ടാല്‍ നെഞ്ചുവേദനയെടുക്കുന്നവരല്ല കേൺഗ്രസുകാർ: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Jaihind Webdesk
Friday, April 29, 2022

കണ്ണൂര്‍: കെ റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞുള്ള സമരത്തിന്‍റെ പേരില്‍ ജനനേതാക്കള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി കേസെടുത്തതു കൊണ്ടൊന്നും സമരത്തില്‍ നിന്നും പുറകോട്ട് പോകുമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്. ജയിലു കാണുമ്പോള്‍ നെഞ്ചു വേദനയെടുക്കുന്നവരല്ല കോണ്‍ഗ്രസിന്‍റേയും യുഡിഎഫിന്‍റേയും നേതാക്കന്മാര്‍. നേതാക്കളെ ജയിലിലടച്ച് സമരത്തെ തളര്‍ത്താമെന്ന് കരുതുന്നവര്‍ക്ക് ചരിത്രബോധം തെല്ലുമില്ലെന്ന് പറയേണ്ടി വരും. കെ റെയില്‍ സമരത്തെ തല്ലിത്തോല്‍പ്പിക്കാമെന്ന് കരുതിയവര്‍ ആ വഴിയടഞ്ഞപ്പോഴാണ് ജനനേതാക്കളെ ജാമ്യമില്ലാ കേസില്‍പെടുത്തി ജയിലിലടക്കാന്‍ നോക്കുന്നത്. ജനങ്ങളുടെ നെഞ്ചത്തു കയറി കെ റെയില്‍ കുറ്റിയിടാനുള്ള നീക്കം പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും മാർട്ടിന്‍ ജോർജ്ജ് വ്യകതമാക്കി.

ജനകീയ പ്രക്ഷോഭത്തെ തകര്‍ക്കാന്‍ പിണറായി വിജയന് ജയിലുകള്‍ തികയാതെ വരും. സമരത്തിന് നേതൃത്വം നല്‍കുന്നവരെ ജയിലിലടക്കുന്നതാണ് ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ അത് സിപിഎം മുന്‍കാലങ്ങളില്‍ നടത്തിയ സമരങ്ങളെ ഒറ്റുകൊടുക്കലാണ്. കമ്യൂണിസ്റ്റ് പാരമ്പര്യം പേരിനെങ്കിലുമുണ്ടെങ്കില്‍ ഈയൊരു നിലപാട് ഇടതുസര്‍ക്കാര്‍ സ്വീകരിക്കുമായിരുന്നില്ല. പാരമ്പര്യം മറന്ന് മാഫിയകള്‍ക്കും സ്ത്രീപീഡകര്‍ക്കും സ്തുതിപാടേണ്ട ഗതികേടിലുള്ള അഭിനവ കമ്യൂണിസ്റ്റുകളില്‍ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.