കെ റെയിലിനെതിരെ മഹാപ്രക്ഷോഭം; സിപിഎമ്മിനെ പോറ്റാന്‍ കേരളത്തെ പണയപ്പെടുത്താന്‍ സമ്മതിക്കില്ല: കെ സുധാകരന്‍ എംപി

Jaihind Webdesk
Friday, February 18, 2022

തിരുവനന്തപുരം : കെ റെയിലിനെതിരെ സംസ്ഥാനത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ മഹാപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.  കൊവിഡിന്‍റെ  ഭീകരമായ സാഹചര്യത്തിലായിരുന്നു കെ റെയിൽ സമരം താത്കാലികമായി മാറ്റിവെച്ചത്. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഇന്നത്തെ ചർച്ചയിൽ തീരുമാനമായതെന്നും അദ്ദേഹം അറിയിച്ചു.

സമരമുഖത്തിന്‍റെ രണ്ടാം തുടക്കത്തില്‍ ജനങ്ങളെ കെ റെയിലിന്‍റെ  ദുരന്തത്തെ കുറിച് ബോധവാന്മാരാക്കും. ജനങ്ങളെ ബോധവല്‍കരിക്കാന്‍  പൊതുയോഗങ്ങൾ, പ്രഗത്ഭരായവരെ ഉൾപ്പെടുത്തി സെമിനാറുകൾ എന്നിവ നടത്തും. ഡൽഹിയിലെ കർഷക സമരത്തിന് സമാനമായ രീതിയിലുള്ള സമരങ്ങൾ നടത്തുമെന്നും  മാർച്ച്‌ 7 ന് ബഹുജന മാർച്ച്‌ എല്ലാ കളക്ടറേറ്റിലേക്കും സംഘടിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎം നെ പോറ്റി വളർത്താൻ കേരളത്തെ പണയപെടുത്തുന്ന അതീവ ഗുരുതര അവസ്ഥയാണ് കെ റെയിലെന്നു ജനങ്ങളെ ബോധ്യപെടുത്തും. സ്വന്തം പാർട്ടിക്കുള്ളിൽ പോലും ആരെയും ബോധ്യപെടുത്താൻ ഗവണ്മെന്‍റിന് സാധിച്ചിട്ടില്ല. കെ റെയിലിന് കേന്ദ്ര ഗവണ്മെന്‍റ് അംഗീകാരം നൽകില്ലെന്ന് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കു നിവർന്നു നിന്ന് പറയാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ബിജെപി ഗവണ്മെന്‍റും പിണറായി വിജയന്‍റെയും  ഗവണ്മെന്‍റും  തമ്മിലുള്ള അവിഹിത ബന്ധമാണിതെന്നും സുധാകരന്‍ ആരോപിച്ചു.