കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ സംഘടിപ്പിക്കും; പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

Jaihind Webdesk
Sunday, November 17, 2019

കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ കോൺഗ്രസ് പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി. പ്രതിപക്ഷത്തെ മറ്റ് പാർട്ടികളുമായും കോൺഗ്രസ് ഇക്കാര്യത്തിൽ ചർച്ചകൾ നടത്തും. ബില്ലുകൾ ചൂടപ്പം പോലെ പാസാക്കാൻ ഈ സമ്മേളന കാലത്ത് അനുവദിക്കില്ലെന്നും കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ നേടിയെടുക്കാൻ ശക്തമായ സമ്മർദ്ദം കേന്ദ്രത്തിൽ നടത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

പാർലമെന്റിന്റെ ശീതകാല സമ്മേളനം 14 ദിവസമായാണ് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത്. എന്നിരുന്നാലും ഈ സമ്മേളന കാലത്ത് പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് നിർത്തിക്കൊണ്ട് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷേപം പാർലമെന്റിൽ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ലോക് സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിൽ ബില്ലുകൾ ചൂടപ്പം പോലെ പാസാക്കുകയാണ് ചെയ്തത്. ഇത്തവണ അത് അനുവദിക്കില്ല . ബില്ലുകളിൽ വിശദമായ ചർച്ചകൾക്ക് എം പിമാർക്ക് അവസരം നൽകണമെന്ന് സ്പീക്കർ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗത്തിൽ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടി ചേർത്തു.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് ഉൾപ്പെടെയുള്ള എസ് പി ജി സുരക്ഷ എടുത്ത് കളഞ്ഞത് രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായാണ്. ഈ സമ്മേളന കാലയളവിൽ കേരളത്തിന്റെ പൊതു വിഷയങ്ങളും ആവശ്യങ്ങളും പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാനും , പ്രളയ സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ കേന്ദ്ര വിഹിതം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുവാനും കേരളത്തില്‍ നിന്നുള്ള എം പിമാർ മുൻകൈയെടുക്കുമെന്നും കൊടികുന് സുരേഷ് എംപി പറഞ്ഞു