നിലവിലെ പരിസ്ഥിതി നിയമങ്ങള്‍ ലഘൂകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഇ.ഐ.എ വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. രാജ്യത്തെ കൊള്ളയടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പ്രകൃതിയെയും രാജ്യത്തെയും സംരക്ഷിക്കാന്‍ പര്യാപ്തമായ നിലവിലെ നിയമങ്ങളെ ധൃതി പിടിച്ച് തിരുത്തുന്നതിന് പിന്നിലെ ഉദ്ദേശം എന്താണെന്നും അദ്ദേഹം ചോദിച്ചു.
വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചതിന് ശേഷം മാത്രം പാരിസ്ഥിതിക അനുമതി എന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ജനാധിപത്യരാജ്യത്തിലെ ജനങ്ങളുടെ മൗലികാവകാശമാണ് അഭിപ്രായസ്വാതന്ത്ര്യം. ഇതും നിഷേധിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. രാഹുല്‍ ഗാന്ധി വിഷയത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോടും പി.സി.സികളോടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പാർലമെന്‍റ് സമ്മേളനത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും കെ.സി വേണുഗോപാല്‍ അറിയിച്ചു.