കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും : ഇമ്രാന്‍ പ്രതാപ്ഗര്‍ഹി

Jaihind Webdesk
Friday, June 25, 2021

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം ചെയര്‍മാനായി നിയമിതനായതിന് പിന്നാലെ ഇമ്രാന്‍ പ്രതാപ്ഗര്‍ഹിയുടെ നേതൃത്വത്തില്‍ ദേശീയ ഭാരവാഹി യോഗം ചേര്‍ന്നു. കൊവിഡ് കാലത്തേത് ഉള്‍പ്പെടെ വകുപ്പിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച വിശദമായ വിലയിരുത്തല്‍ യോഗത്തിലുണ്ടായി. സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രവര്‍ത്തന മികവിന് മാത്രമായിരിക്കും മുന്‍ഗണനയെന്നും ഇമ്രാന്‍ പ്രതാപ് ഗര്‍ഹി വ്യക്തമാക്കി.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദേശീയ കോർഡിനേറ്റർമാർ യോഗത്തിൽ പങ്കെടുത്തു.  പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നതെന്ന് ഇമ്രാന്‍ പ്രതാപ് ഗര്‍ഹി യോഗത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ മറ്റ് മുന്‍നിര സംഘടനകളുമായി ചേര്‍ന്ന് സംയുക്തമായ പ്രവര്‍ത്തനം രൂപപ്പെടുത്തേണ്ടതുണ്ടെന്നും താഴേത്തട്ട് മുതല്‍ ന്യൂനപക്ഷ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഇമ്രാന്‍ പ്രതാപ്ഗര്‍ഹി യോഗത്തില്‍ വ്യക്തമാക്കി.

ന്യൂനപക്ഷ വിഭാഗത്തില്‍ അഴിച്ചുപണികളുണ്ടാകുമെന്ന സൂചനയും ഇമ്രാന്‍ പ്രതാപ്ഗര്‍ഹി നല്‍കി. പ്രവര്‍ത്തനമികവിന്‍റെയും യോഗ്യതയുടെയും  മാത്രം അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കഠിനാധ്വാനം ചെയ്യാന്‍ തയാറാകാത്തവരോട് ഭാവാഹിത്വത്തില്‍ നിന്ന് ഒഴിയാന്‍ ആവശ്യപ്പെടും. ന്യൂനപക്ഷ വിഭാഗത്തെ മികച്ച രീതിയിലേക്ക് ഉയര്‍ത്തുകയാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂണ്‍ 23 നാണ് ഇമ്രാന്‍ പ്രതാപ്ഗര്‍ഹിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ന്യൂനപക്ഷ വിഭാഗം തലവനായി നിയമിച്ചത്. യുപിയില്‍ നിന്നുള്ള മറ്റൊരു യുവ നേതാവ് നദീം ജാവേദിന് പകരമായാണ് ഇമ്രാനെ നിയമിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഇമ്രാനെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് താരപ്രചാരകനാക്കിയിരുന്നു. യുവ കവി കൂടിയായ ഇംറാന്  വലിയ ജനപിന്തുണയാണുള്ളത്.