‘സത്യം എന്നും കോണ്‍ഗ്രസിനൊപ്പം; അന്തിമ വിജയം സത്യത്തിനായിരിക്കും’: രാഹുല്‍ഗാന്ധി

Jaihind Webdesk
Saturday, May 18, 2019

Rahul-Gandhi

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെ ഇറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സത്യം കോണ്‍ഗ്രസിനൊപ്പമാണെന്നും അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരത്തിലും ശരീര ഭാഷയിലും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു രാഹുല്‍ ഗാന്ധി. ബി.ജെ.പിക്കൊപ്പം അധികാരവും പണവും മാധ്യമങ്ങളും അടക്കം എല്ലാം ഉണ്ടായിരുന്നു. പക്ഷെ സത്യം കോണ്‍ഗ്രസിനൊപ്പമായിരുന്നു. ആര് രാജ്യം ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും രാഹുല്‍ പറഞ്ഞു.  തെരഞ്ഞെടുപ്പ് തിയതി തീരുമാനിച്ചത് മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയെ സഹായിച്ചുകൊണ്ടിരിക്കെയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികള്‍ ഏകപക്ഷീയമാണ്. പ്രധാനമന്ത്രിയുടെ പരിപാടികള്‍ കണ്ടാണ് അവര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ കക്ഷിയെന്നനിലയില്‍ കോണ്‍ഗ്രസിന് എ-ഗ്രേഡ് ഉണ്ട്. മോദി ഭരണത്തിലെ അഴിമതികള്‍ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസിനായി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് മധ്യപ്രദേശ് , ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മാതൃക കാണിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.  തെരഞ്ഞെടുപ്പിനായി മോദിയും ബി.ജെ.പിയും പണം ഒഴുക്കുകയായിരുന്നു. ഇതിനായി അവരുടെ പക്കല്‍ ടി.വി ചാനലും വന്‍ പ്രചാരണ പരസ്യഏജന്‍സികളും ഒക്കെയുണ്ടായിരുന്നു. അതേസയം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ്. നീതിയുടെ പക്ഷം നിന്നാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. തൊഴിലില്ലായ്മ, നോട്ട് നിരോധനം, കര്‍ഷകരുടെ ദുരിതം ഇവയിലൊന്നും പ്രധാനമന്ത്രിക്ക് ഒന്നും പറയാനില്ല. പ്രധാനമന്ത്രി പറയുന്നത് റഡാറിനെക്കുറിച്ചാണെന്നും രാഹുല്‍ പരിഹസിച്ചു.
പ്രധാനമന്ത്രി മോദിയില്‍നിന്നും ബിജെപിയില്‍നിന്നും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ കോണ്‍ഗ്രസ് സംരക്ഷിക്കും. മോദി ‘ഇന്ത്യയെ തെറ്റിദ്ധരിപ്പിക്കാന്‍’ വീണ്ടും കാര്യങ്ങള്‍ ചെയ്യും. എന്നാല്‍ രാജ്യത്തിന് ഇനി ശ്രദ്ധ മാറില്ല. അമിത് ഷായുടെയും മോദിയുടേയും തത്വശാസ്ത്രമല്ല മഹാത്മ ഗാന്ധിയുടേതെന്നും രാഹുല്‍ തുറന്നടിച്ചു.
റഫാല്‍ യുദ്ധവിമാന കരാറില്‍ അംബാനിക്ക് രാജ്യത്തിന്റെ 30000 കോടി രൂപ എന്തിന് നല്‍കിയെന്ന എന്റെ ചോദ്യത്തിന് ഉത്തരം പറയണം. താങ്കള്‍ എന്തുകൊണ്ടാണ് എന്നോട് ചര്‍ച്ചക്ക് വരാത്തതെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയണം. മോദി എന്തുകൊണ്ടാണ് റഫാല്‍ വിഷയത്തില്‍ പേടിക്കുന്നത്? രാഹുല്‍ ചോദിച്ചു.
മോദിക്കു മുന്നില്‍ തൊണ്ണൂറ് ശതമാനം വാതിലുകളും തങ്ങള്‍ അടച്ചു. എതിരാളികളെ അധിക്ഷേപിച്ച് ബാക്കി 10 ശതമാനം വാതിലുകള്‍ മോദിയും അടച്ചുവെന്ന് രാഹുല്‍ പരിഹസിച്ചു. വോട്ടിംഗ് മെഷീനുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിനിടെ രാജ്യത്തുടനീളം ആയിരക്കണക്കിന് ഇ.വി.എമ്മുകളാണ് കേടായത്. വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിനകം സ്‌ട്രോംഗ് റൂമുകളില്‍ നിന്നും ട്രക്കുകളില്‍ കയറ്റി ഇ.വി.എം എങ്ങോട്ടേക്കോ മാറ്റുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് സ്‌ട്രോംഗ് റൂമുകളിലേക്ക് കൊണ്ടുപോകുന്ന ഇ.വി.എമ്മുകള്‍ യാത്രാമധ്യേ കാണാതാവുന്നു. എന്തെല്ലാമാണ് ഇവിടെ നടക്കുന്നത്? രാഹുല്‍ ചോദിച്ചു.
ഏറ്റവും ഗുരുതരമായ, സുപ്രധാനമായ വിഷയമാണിതെന്നും ലോക്‌സഭയില്‍ ഇക്കാര്യം തീര്‍ച്ചയായും ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുതിയ ലോക്‌സഭയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ചര്‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയമായി തന്നെ ഇത് അവതരിപ്പിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സുഗമമായും സത്യസന്ധമായും നടക്കേണ്ട ഒന്നാണ്. ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് തെരഞ്ഞെടുപ്പ്. അതില്‍ ഒരു സംശയമോ ആരോപണമോ ഒരു തരത്തിലും ഉയരാന്‍ പാടില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ നടക്കുന്നത് ബി.ജെ.പി സ്‌പോണ്‍സേഡ് അക്രമമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബിഎസ്പിയും എസ്പിയും യുപിയില്‍ യോജിച്ചു മല്‍സരിക്കാന്‍ തീരുമാനിച്ചതിനെ താന്‍ അംഗീകരിക്കുന്നു. ബിജെപിയുടെ പരാജയം ഉറപ്പാക്കുകയാണ് വേണ്ടതെന്ന കാര്യം പ്രിയങ്കയോടും ജ്യോതിരാദിത്യയോടും താന്‍ വ്യക്തമായി പറഞ്ഞിരുന്നു. ബിജെപിയുടെ പരാജയം ഉറപ്പാക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതാണ് അടുത്ത പ്രധാനപ്പെട്ട കാര്യം. എന്നാല്‍ മോദിയെ പരാജയപ്പെടുത്തുക എന്ന കാര്യത്തില്‍ എസ്പി ബിഎസ്പി പാര്‍ട്ടികളും ഞങ്ങളും ഒരുപോലെയാണ്. മായാവതിയും മുലായം സിങ്ങും മമതയും ചന്ദ്രബാബുവും മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നു കരുതുന്നില്ലെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
മോദിയുടെ മാതാപിതാക്കളെ സ്‌നേഹത്തോടെയാണ് നോക്കിക്കാണുന്നതെന്നും അവരെ ബഹുമാനിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. പിതാവ് രാജീവിനേയും മുത്തച്ഛന്‍ നെഹറുവിനേയും കുറിച്ച് മോദി നടത്തിയ പരാമര്‍ശങ്ങള്‍ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ മറുപടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് അധ്യക്ഷന്‍ നന്ദി അറിയിച്ചു.