കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ എത്തും: രാഹുല്‍ ഗാന്ധി

 

വയനാട്: കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് രാഹുല്‍ ഗാന്ധി. കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തത് വികസനത്തെ ബാധിച്ചു. കേന്ദ്രത്തില്‍ ഭരണത്തിലെത്തുമ്പോള്‍ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സുൽത്താൻ ബത്തേരിയില്‍ നടത്തിയ റോഡ് ഷോയില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്നതാണ് ബിജെപിയുടെ പ്രത്യയശാസ്ത്രം. അത്  നമ്മുടെ രാജ്യത്തിന്‍റേതല്ല. മലയാളം ഹിന്ദിയേക്കാൾ ചെറുതെന്ന് പറഞ്ഞാൽ അത് അവഹേളിക്കുന്നതിനു തുല്യമാണ്. ഓരോ ഭാഷയും മതവും വിശ്വാസവുമെല്ലാം അതാത് നാഗരികതയുമായി ഇഴ ചേര്‍ന്നു നിൽക്കുന്നതാണ്. വിവിധ നിറങ്ങളിലെ പൂക്കളുള്ള മനോഹരമായ ഒരു ബൊക്കെ പോലെയാണ് നമ്മുടെ രാജ്യം. അതില്‍ ഒരു നിറം മാത്രം മതിയെന്ന കാഴ്ചപ്പാട് ശരിയല്ല. വയനാടിന്‍റെ വിഷയങ്ങള്‍ പരിഹരിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാത്രിയാത്ര നിരോധനം പരിഹരിക്കാൻ ബാധ്യസ്ഥനാണ്. പലകുറി പ്രധാനമന്ത്രിക്ക് ഈ ആവശ്യത്തിൽ കത്തെഴുതി. വിഷയം പരിഹരിക്കാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘വയനാട് പ്രിയപ്പെട്ട ഇടമാണ്. വയനാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്ക് വന്ന പ്രതീതിയാണ്. എന്‍റെ അമ്മയോട് ഒരാഴ്ച ഇവിടെ വരാൻ നിര്‍ബന്ധിക്കും. വയനാട്ടിൽ വരാതിരിക്കുമ്പോൾ ലോകത്തെ മികച്ച ഭൂമിയാണ് നഷ്ടപ്പെടുത്തുന്നതെന്ന് പറയാറുണ്ട്. കോൺഗ്രസ് കേന്ദ്രത്തിൽ വന്നാൽ നിലമ്പൂര്‍ റെയിൽവെ സ്റ്റേഷന്‍റെ വികസനം യാഥാര്‍ത്ഥ്യമാക്കും. ഒരു മെഡിക്കൽ കോളേജ് ഒരുക്കുക എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ മുഖ്യമന്ത്രിക്ക് പല തവണ കത്തെഴുതിയിട്ടും വിഷയത്തില്‍ ഇടപെടലുണ്ടാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.  വന്യമൃഗശല്യം വയനാട്ടുകാർ നേരിടുന്ന ഒരു പ്രധാന വിഷയമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ വയനാട്ടുകാരോട് ചിറ്റമ്മനയമാണ് പുലർത്തുന്നതെന്നും കേന്ദ്രത്തില്‍ അധികാരത്തിലെത്തുമ്പോള്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)
Add Comment