എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

 

കണ്ണൂര്‍: യാത്രയയപ്പ് ചടങ്ങില്‍ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം വനിതാ നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി.പി. ദിവ്യ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്. പൊതുജനങ്ങള്‍ക്ക് മുമ്പില്‍ എഡിഎമ്മിനെ അവഹേളിക്കുകയാണ് ദിവ്യ ചെയ്തതെന്ന് കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.

നവീന്‍ ബാബുവിനെ മനഃപൂര്‍വം അപമാനിക്കുകയാണ് ദിവ്യ ചെയ്തത്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണം. ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് വ്യക്തമാക്കി. മാധ്യമങ്ങളെ അറിയിച്ച ശേഷമാണ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ക്ഷണിക്കാത്ത എഡിഎമ്മിന്‍റെ യാത്രയയപ്പ് ചടങ്ങില്‍ എത്തിയത്.

സിപിഎമ്മാണ് നാട്ടില്‍ ഭരിക്കുന്നത്. അഴിമതിക്കാരനാണെങ്കില്‍ അത് തെളിയിക്കാനുള്ള സംവിധാനമുണ്ട്. പൊതുസമൂഹത്തില്‍ ആരോപണം ഉന്നയിക്കുമ്പോള്‍ നവീന്‍ ബാബുവിന്‍റെ കുടുംബം കൂടിയാണ് അപമാനിതരാകുന്നത്. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

Comments (0)
Add Comment