‘ചോദ്യങ്ങൾ ഒഴിവാക്കാനാണെങ്കിൽ മോദി ചെയ്യുന്നതുപോലെ മാധ്യമപ്രവർത്തകരെ കാണാതിരുന്നാൽ പോരെ’; നിർമ്മല സീതാരാമനെ പരിഹസിച്ച് കോൺഗ്രസ്

Jaihind News Bureau
Saturday, March 14, 2020

ന്യൂഡൽഹി: പെട്രോൾ വില വർധനവിനെതിരായ മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടി നൽകാതിരുന്ന ധനമന്ത്രി നിർമ്മല സീതാരാമനെ പരിഹസിച്ച് കോൺഗ്രസ്. ചോദ്യങ്ങൾ ഒഴിവാക്കാൻ പ്രധാനമന്ത്രി ചെയ്യുന്നതുപോലെ പത്രസമ്മേളനങ്ങൾ ഒഴിവാക്കിയാൽ മതിയെന്ന് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു. ട്വീറ്റിനൊപ്പം നിർമ്മല സീതാരാമന്‍റെ വാർത്താസമ്മേളവും മോദിയുടെ പഴയ വീഡിയോയും ഉൾപ്പെടുത്തിയുള്ള ട്രോൾ വീഡിയോയും കോൺഗ്രസ് പങ്കുവച്ചിട്ടുണ്ട്.

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിൽ അതിന്‍റെ ഗുണം ഇന്ത്യയിൽ ലഭിക്കുമോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യം അവഗണിച്ചുകൊണ്ട് നിർമ്മല സീതാരാമൻ വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം ആഗോളവിപണയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുന്നതിനിടെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കൂട്ടി മോദി സർക്കാര്‍ വിജ്ഞാപനം ഇറക്കിയത്. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് എക്സൈസ് തീരുവ വർധിപ്പിച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. ഇതോടെ പെട്രോള്‍, ഡീസല്‍ വിലയിലും ഇത് പ്രതിഫലിക്കും. ഇന്ന് അർധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.