ഉടൻ തിരിച്ചെത്തുമെന്ന് ബിജെപി…. സഹായം വേണോ എന്ന് ട്രോളി കോൺഗ്രസ്‌

Jaihind Webdesk
Wednesday, March 6, 2019

ഇന്നലെ ഹാക്ക് ചെയ്യപ്പെട്ട ബിജെപിയുടെ വെബ്‌സൈറ്റ് ഇനിയും തിരിച്ചുവരാത്ത സാഹചര്യത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ്. നിങ്ങള്‍ക്ക് തിരിച്ചുവരുന്നതിന് സഹായം നല്‍കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു കോണ്‍ഗ്രസ് ബിജെപിയെ പരിഹസിച്ചത്.

നിങ്ങള്‍ കുറേ നേരമായി പ്രവര്‍ത്തനരഹിതമായത് ശ്രദ്ധയില്‍പ്പെട്ടു. തിരിച്ചു വരുന്നതിന് നിങ്ങള്‍ സഹായം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ സന്തോഷത്തോടെ അതിന് തയ്യാറാണെന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.

ഹാക്കിംഗ് ശ്രമത്തെ തുടര്‍ന്ന് ബിജെപിയുടെ വെബ്‌സൈറ്റ് ഡൗണായിരുന്നു. bjp.org എന്ന ലിങ്കിലുള്ള ഔദ്യോഗിക വെബ്സൈറ്റ് ആണ് ഹാക്ക് ചെയ്യപ്പെട്ടത്. എന്നാൽ ഇക്കാര്യം ബിജെപി ഔദ്യോഗികമായി പ്രതികരിക്കാൻ തയാറായില്ല.

ചൊവ്വാഴ്ച രാവിലെയോടെ സൈറ്റ് മെയ്ന്‍റനന്‍സ് മോഡിലേയ്ക്ക് മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള ഒരു മീം ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്ന് മനസ്സിലായത്. പിന്നീട് മറ്റൊരു വീഡിയോ കൂടി പ്രത്യക്ഷപ്പെട്ടു. മോദി ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ ഗൗനിക്കാതെ നടന്നുപോകുന്ന വീഡിയോയാണ് രണ്ടാമതെത്തിയത്. താമസിയാതെ പേജ് ഡൗണ്‍ ചെയ്ത് ഉടന്‍ തിരിച്ചെത്തുമെന്ന മെസേജും എത്തി.

എന്നാല്‍ വെബ്‌സൈറ്റ് തിരികെയെത്താന്‍ വൈകിയതോടെ ട്രോളന്മാര്‍ക്കും വിരുന്നായി. ബിജെപിയുടെയും മോദിയുടെയും അവസ്ഥയെയും വെബ്സൈറ്റിന്‍റെ അവസ്ഥയേയും താരതമ്യം ചെയ്ത് നിരവധി ട്രോളുകളും പ്രചരിച്ചു.

ഇതിനിടെയാണ് കോണ്‍ഗ്രസിന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ തന്നെ ട്രോള്‍ എത്തിയത്.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം ശക്തമായിരിക്കുന്നതിന് ഇടയിലാണ് ബിജെപി വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. പാകിസ്ഥാനി ഹാക്കര്‍മാര്‍ 90 ഗവണ്‍മെന്‍റ് വെബ്‌സൈറ്റുകളെ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.