തെരഞ്ഞെടുപ്പിലെ സൈബർ പോരാട്ടത്തില്‍ ഒന്നാമതെത്തി കോണ്‍ഗ്രസ് ; എതിരാളികളെ പിന്തള്ളി നേട്ടം

Jaihind Webdesk
Saturday, April 10, 2021

തിരുവനന്തപുരം:  നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനപിന്തുണ ഏറ്റുവാങ്ങി കെപിസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കേരള. മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെ ഫേസ്ബുക്ക് പേജുകളെ പിന്തള്ളിയായിരുന്നു ഈ നേട്ടം. 27ലക്ഷം പേരാണ് തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കേരള പേജ് സന്ദര്‍ശിച്ചത്. എന്നാല്‍ സിപിഎമ്മിന്റെ ഔദ്യോഗിക പേജായ സിപിഐഎം കേരള 15 ലക്ഷം പേര്‍മാത്രമാണ് സന്ദര്‍ശിച്ചത്. ബിജെപിയുടെ ഔദ്യോഗിക പേജായ ബിജെപി കേരളയില്‍ 6.41 ലക്ഷം പേരും ആ ആദ്മി പാര്‍ട്ടിയുടെ ആ ആദ്മി കേരളയില്‍ 19,100 പേരും സന്ദര്‍ശിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കേരള പേജില്‍ 250ല്‍ അധികം പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയ ടീം പങ്കുവെച്ചത്. എന്നാല്‍, സി.പി.ഐ.എം കേരളയിലും ബിജെപി കേരളത്തിലും പോസ്റ്റുകളുടെ എണ്ണം യഥാക്രമം  149,88 എന്നിങ്ങനെയായിരുന്നു. ആം ആദ്മി പാര്‍ട്ടി കേരളയില്‍ എട്ട് പോസ്റ്റുകള്‍ മാത്രമാണ് ഈ കാലയളവില്‍ പങ്കുവെച്ചത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരൂര്‍ എം.പിയുടെ മേല്‍നോട്ടത്തിലാണ് കെപിസിസി  മീഡിയ സെല്‍ രൂപീകരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പു തന്നെ കോണ്‍ഗ്രസ് വാര്‍ റൂമും അനുബന്ധ ഔദ്യോഗിക ഹാന്‍ഡിലുകളും സജീവമായിരുന്നു.