കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഗസ്റ്റ് 19,20, 21, 22 തീയതികളില്‍ കുറ്റവിചാരണ യാത്ര നടത്തും. ഓഗസ്റ്റ് 3 ന് യുഡിഎഫ് ജില്ലാ സമിതികൾ സംഘാടനത്തിനായി ചേരും. ഉപതെരെഞ്ഞെടുപ്പിൽ ആറിടത്തും യു.ഡി.എഫിന് വിജയ പ്രതീക്ഷയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിക്കെതിരായ ജനവികാരത്തെ മനസിലാക്കാതെയാണ് സർക്കാരിന്‍റെ പ്രവർത്തനം. ലോക് സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമായില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാർ സെസ് ജനങ്ങൾക്ക് ഇരുട്ടടിയാവുകയാണ്. ജനജീവിതം ദുരിതപൂർണമാകുന്നു. സംസ്ഥാന സർക്കാരിന്‍റെ ബജറ്റിനെ സംബന്ധിച്ച ധവളപത്രം ഓഗസ്റ്റ് പകുതിയോടെ പുറത്തിറക്കും. പ്രളയ ദുരന്തത്തിൽ സർക്കാർ പൂർണ്ണ പരാജയമാണെന്നും നഷ്ടമുണ്ടായ വരെ സംരക്ഷിക്കാൻ ഇതുവരെയും നടപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് പൊലീസ് രാജ് ആണ് നടക്കുന്നത്. എട്ട് ലോക്കപ്പ് കൊലപാതകങ്ങൾ നടന്നു. നെടുങ്കണ്ടം വിഷയത്തിൽ എസ്.പിയെ ചോദ്യം ചെയ്തിട്ടില്ല. പൊലീസ് അന്വേഷണം പൂർണ്ണമായി നിലച്ചുവെന്നും പൊലീസിനെ കയറൂരി വിട്ട അവസ്ഥയിലാണ് സര്‍ക്കാര്‍ ഇപ്പോഴുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഭരണത്തിന്‍റെ ശീതളച്ഛായയിൽ സി.പി.ഐ നേതൃത്വം മതി മറന്നു പോയിരിക്കുകയാണെന്നും സമരം ചെയ്യാൻ വരേണ്ട എന്ന നിലപാടാണ് സിപിഐയ്ക്ക് പോലും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

പി .എസ്.സി പരീക്ഷയുടെ വിശ്വാസ്യത തകർന്നു. എല്ലാ പരീക്ഷയിലും തോറ്റവർ പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ഇതിൽ അന്വേഷണം വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. എസ്.എഫ്.ഐ ക്രിമിനലുകളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. ഇതിൽ യു.ഡി.എഫിന് കടുത്ത പ്രതിഷേധമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് ലേലം ചെയ്യുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷുഹൈബിന്‍റെ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണത്തെ എതിർക്കാൻ വലിയ അഭിഭാഷകരെ ഇറക്കി വൻ തോതിൽ പണം ചിലവഴിക്കുന്നത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. പാർട്ടി സഖാക്കളെ രക്ഷിക്കാൻ അധികാര ദുർവിനിയോഗം നടത്തുകയാണ് സർക്കാർ.

https://www.youtube.com/watch?v=rMeSSq2wgE0

Ramesh Chennithala
Comments (0)
Add Comment