ഇന്ധനവില വർധനക്കെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന്

Jaihind News Bureau
Monday, June 29, 2020

തുടർച്ചയായ ഇന്ധന വിലവർധനക്കെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന്. സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പ്രതിഷേധം. സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്പീക്ക് അപ്പ് ഓൺ പെട്രോൾ ഡീസൽ പ്രൈസ് ഹൈക്ക് എന്ന പേരിൽ ഓണ്‍ലൈൻ ക്യാമ്പെയ്നും സംഘടിപ്പിക്കും. കോണ്‍ഗ്രസ് എം.എല്‍.എമാരും എം.പിമാരും ഒപ്പിട്ട നിവേദനം രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കൈമാറുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.

പ്രക്ഷോഭത്തിന്‍റെ കേരളത്തിലെ ഉദ്ഘാടനം തിരുവനന്തപുരത്ത് പി.എം.ജിയിൽ രാവിലെ 10.30ന് നടക്കും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി തുടങ്ങിയവർ പങ്കെടുക്കും.

അതേസമയം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി.  രാജ്യത്ത് ഇത് രണ്ടാം തവണയാണ് ഡീസല്‍വില പെട്രോളിനെ മറികടക്കുന്നത്. മോദി സര്‍ക്കാര്‍ വന്നശേഷം 2014 ഒക്ടോബറിലാണ് ഡീസല്‍ വില നിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത്. ജൂണ്‍ 7 മുതലാണ് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ക്രൂഡ് ഓയിലിന്‍റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ്.