ദേവികയുടെ മരണം : എ.ഇ.ഒ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ ജൂണ്‍ 8ന്

Jaihind News Bureau
Wednesday, June 3, 2020

പഠനം മുടങ്ങുമെന്ന ആശങ്കയില്‍ ദുരന്തമരണമടഞ്ഞ ദേവികയുടെ വേര്‍പാട് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിദ്യാഭ്യാസം ഭരണഘടനാപരമായ അവകാശമാക്കിയ രാജ്യത്താണ് പഠനം മുടങ്ങുമെന്ന ആശങ്കയില്‍ ഒരു കുട്ടിയുടെ ജീവന്‍ നഷ്ടമായത്. ഇത് കേരളീയ പൊതുസമൂഹത്തിന് തീരാദുഖവും അപമാനവുമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാലയങ്ങളിലെ 2.6 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യമില്ലെന്ന കണക്ക് സര്‍ക്കാരിന്‍റെ പക്കലുള്ളപ്പോള്‍ എല്ലാ കുട്ടികള്‍ക്കും ഇത്തരം സൗകര്യം ഒരുക്കിയിരുന്നെങ്കില്‍ ദേവികയുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നു. തീരദേശ, ആദിവാസി, മലയോര മേഖലകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പഠനം ലഭ്യമായില്ലെന്ന് പരക്കെ പരാതിയുണ്ട്. ഇത് വിദ്യാഭ്യാസ അവകാശ നിഷേധമാണ്. സര്‍ക്കാരിന്‍റെ പുതിയ പാഠ്യപദ്ധതിയുടെ ഫലമായി പഠനം മുടങ്ങിയെന്നതിന്‍റെ പേരില്‍ ഇനിയൊരു കുട്ടിയുടേയും ജീവന്‍ നഷ്ടമാകാന്‍ അനുവദിച്ചുകൂടായെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജൂണ്‍ 8 തിങ്കളാഴ്ച ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 163 എ.ഇ.ഒ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കാന്‍ കെപിസിസി ഭാരവാഹികളുടെ യോഗം തീരുമാനമെടുത്തതായി മുല്ലപ്പള്ളി പറഞ്ഞു.