കാർഷിക ബില്ലുകൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് ; 28ന് രാജ്ഭവന്‍ മാർച്ച് | VIDEO

Jaihind News Bureau
Monday, September 21, 2020

 

ന്യൂഡല്‍ഹി: കാർഷിക ബില്ലുകൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്. ബില്ലുകൾ നിയമം ആക്കരുതെന്ന് ആവശ്യപ്പെട്ട് രണ്ടുകോടി കര്‍ഷകർ ഒപ്പുവെച്ച നിവേദനം രാഷ്ട്രപതിക്ക് നല്‍കും. ഒക്ടോബര്‍ രണ്ടിന് കര്‍ഷകരക്ഷാദിനം ആചരിക്കും. പത്തിനം കര്‍ഷകസമ്മേളനങ്ങള്‍ നടത്തുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇഷ്ടക്കാർക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ ജനാധിപത്യ അവകാശങ്ങളെ ലംഘിക്കുകയാണ് മോദി സർക്കാരെന്നും നേതൃത്വം കുറ്റപ്പെടുത്തി.

എഐസിസി ആസ്ഥാനത്ത് ചേർന്ന പുതിയ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിമാരുടെയും ചുമതലയുള്ളവരുടെയും യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. കാർഷിക ബില്ലുകൾക്കെതിരെ പ്രത്യക്ഷ സമരത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ഈ മാസം 28നാണ് രാജ്ഭവൻ മാർച്ച്. ഒക്ടോബർ 10ന് കർഷകസമ്മേളനങ്ങൾ നടത്തും.  2 കോടി കർഷകർ ഒപ്പുവെച്ച നിവേദനം നവംബർ 14ന് രാഷ്ട്രപതിക്ക് സമർപ്പിക്കും.

ജനാധിപത്യത്തെ തച്ചുതകർത്തുകൊണ്ട് ഇഷ്ടക്കാരായ കോർപ്പറേറ്റുകൾക്ക് വേണ്ടി എതറ്റം വരെയും പോകുമെന്ന് മോദി സർക്കാർ തെളിയിച്ചുവെന്ന് സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പറഞ്ഞു. ദേശീയതലത്തിൽ നടക്കുന്ന സമരങ്ങൾക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ നേതൃത്വം നൽകും.