മികച്ച സംഘാടകനെയും തൊഴിലാളി നേതാവിനെയുമാണ് കെ.സുരേന്ദ്രന്‍റെ നിര്യാണത്തോടെ കോൺഗ്രസിന് നഷ്ടമായത്. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനൊപ്പം അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും കെ.സുരേന്ദ്രൻ മുന്നിൽ ഉണ്ടാകും. ഡിസിസി പ്രസിഡൻ്റ് ആയിരുന്ന വേളയിലും മികച്ച പ്രവർത്തനമായിരുന്നു കെ.സുരേന്ദ്രന്‍റേത്.
ഐഎൻടിയുസി പ്രവർത്തകൻ ആയാണ് കെ.സുരേന്ദ്രൻ കണ്ണുർ രാഷ്ട്രിയത്തിൽ ചുവട് വെക്കുന്നത്. സി ഐ ടി യു വിന്‍റെ സാന്നിധ്യം ശക്തമായ മേഖലയിൽ അടക്കം ഐ എൻ ടി യു സി പ്രവർത്തകരെ കണ്ടെത്തി അവരെ സംഘടിപ്പിച്ച് കൊണ്ടുള്ള പ്രവർത്തനമായിരുന്നു കെ.സുരേന്ദ്രന്‍റേത്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നതിനാൽ ഇതര സംസ്ഥാന തൊഴിലാളികളെ അടക്കം അദ്ദേഹം ജില്ലയിൽ ഐ എൻ ടി യു സി പതാകയ്ക്ക് കീഴിൽ അണിനിരത്തി. ഐ എൻ ടി യു സി ജില്ലാ പ്രസിഡൻറായിരുന്ന വേളയിൽ ഓട്, തടി, തുണിമിൽ വ്യവസായ മേഖലകളിലെയും, കൈത്തറി മേഖലയിലെയും തൊഴിലാളി പ്രശ്നങ്ങളിൽ സജീവമായ ഇടപെടലാണ് കെ.സുരേന്ദ്രൻ നടത്തിയത്. ഡി സി സി പ്രസിഡന്‍റ് ആയതോടെ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് പുതിയൊരു ദിശാബോധം നൽകാൻ കെ.സുരേന്ദ്രന് കഴിഞ്ഞു.മറ്റു പാർട്ടി പ്രവർത്തകരുമായും, തൊഴിലാളികളുമായും വ്യക്തി ബന്ധം കാത്തുസുക്ഷിച്ച വ്യക്തിത്വമായിരുന്നു കെ.സുരേന്ദ്രന്‍റേത്.
നിയമസഭയിലേക്ക് തളിപ്പറമ്പിലും, പയ്യന്നൂരിൽ നിന്നും അദ്ദേഹം ജനവിധി തേടിയിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിര നിർമ്മാണത്തിന് ചുക്കാൻ പിടിച്ചതിൽ പ്രധാന ആയിരുന്നു കെ.സുരേന്ദ്രൻ. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ആയതോടെ കെ.സുരേന്ദ്രൻ തന്‍റെ പ്രവർത്തന മണ്ഡലം സംസ്ഥാനത്തിന്‍റെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയ തലത്തിലെ വിവിധ തൊഴിലാളി സമ്മേളനങ്ങളിലും, അന്താരാഷ്ട്ര സമ്മേളനങ്ങളിലും ഐഎൻടിയുസി പ്രതിനിധിയായി കെ.സുരേന്ദ്രൻ പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ മുൻപന്തിയിലും കെ.സുരേന്ദ്രൻ ഉണ്ടായിരുന്നു. കെ പി സി സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ കോഴിക്കോട് ജില്ലയുടെ ചുമതലയായിരുന്നു കെ.സുരേന്ദ്രന്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ മുന്നോരുക്കങ്ങളുടെ ഭാഗമായി കോഴിക്കോടെ വിവിധ യോഗങ്ങളിലും കെ.സുരേന്ദ്രൻ പങ്കെടുത്തിരുന്നു. ലോക്ക് ഡൗണിനെ തുടർന്നുണ്ടായ തൊഴിലാളി പ്രശ്നങ്ങൾ ഉയർത്തിയുള്ള പ്രക്ഷോഭങ്ങൾക്കായി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് ഇടയിലായിരുന്നു കെ.സുരേന്ദ്രന്‍റെ ആകസ്മിക നിര്യാണം.