കെ.എസ്.യു മാർച്ചിനെതിരായ പോലീസ് അതിക്രമം ; കോണ്‍ഗ്രസ് നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും

കെ.എസ്.യു നടത്തിയ നിയമസഭാ മാര്‍ച്ചിനെതിരായ പോലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധപ്രകടനങ്ങള്‍ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. പോലീസ് അതിക്രമത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനും നിരവധി കെ.എസ്.യു പ്രവർത്തകർക്കും ക്രൂരമര്‍ദനമേറ്റു.

സമാനതകളില്ലാത്ത പോലീസ് നരനായാട്ടിനാണ് തലസ്ഥാന നഗരി ഇന്ന് സാക്ഷ്യം വഹിച്ചത്. വാളയാർ കേസ് സി.ബി.ഐ അന്വേഷിക്കുക, വിവിധ സർവകലാശാലകളിൽ മന്ത്രി കെ.ടി ജലീലിന്‍റെ പിന്തുണയോട് കൂടി നടക്കുന്ന മാർക്ക് തട്ടിപ്പ് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിനെ ലാത്തിയും ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചാണ് പിണറായി വിജയന്‍റെ പോലീസ് നേരിട്ടത്.

ഷാഫി പറമ്പിൽ എം.എൽ.എയുടെ തല തല്ലിപ്പൊട്ടിച്ചു. കെ.എസ് യു.സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെ വളഞ്ഞിട്ട് അടിച്ചു വീഴ്ത്തി. വിദ്യാർത്ഥികളെ ക്രൂരമായി പോലീസ് വേട്ടയാടി. പരിക്കേറ്റവരെ ആശുപത്രിയിൽ പോലും പ്രവേശിപ്പിക്കാൻ പോലീസ് തയാറായില്ല. ഭരണകൂട ഭീകരത അതിന്‍റെ യഥാർത്ഥ മുഖം കാട്ടിയേതാടെ മണിക്കൂറുകൾ നീണ്ട വൻ സംഘർഷത്തിനാണ് തലസ്ഥാനനഗരം സാക്ഷ്യം വഹിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പോലും പ്രവേശിപ്പിക്കാതെ എ.ആർ ക്യാമ്പിലേക്കാണ് കൊണ്ടുപോയത്.

നീതിക്കായി പോരാടുന്നവരുടെ ചോര തെരുവിൽ വീഴ്ത്തിയാണ് പിണറായി വിജയന്‍റെ പോലീസ് നീതി നടപ്പാക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു നാളെ സംസ്ഥാനത്ത് വിദ്യാഭാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Congress ProtestKSU
Comments (0)
Add Comment