കോണ്‍ഗ്രസിന്‍റെ 134-ാം ജന്മദിനം; ഡിസംബര്‍ 28ന് വിപുലമായ ആഘോഷപരിപാടികള്‍

Jaihind Webdesk
Wednesday, December 26, 2018

കോണ്‍ഗ്രസിന്‍റെ 134-ാം ജന്മദിനം കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 28 ന് വിപുലമായി ആഘോഷിക്കുമെന്ന് വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.

രാവിലെ 9ന് കെ.പി.സി.സി ആസ്ഥാനത്ത് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി പതാക ഉയര്‍ത്തും. സേവാദള്‍ വാളന്‍റിയര്‍മാര്‍ നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ജന്മദിന കേക്ക് മുറിക്കും. തുടര്‍ന്ന് രാവിലെ 9.30ന് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ അധ്യക്ഷതയില്‍ ജന്മദിന സമ്മേളനം നടക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി ചാക്കോ, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍, കെ.പി.സി.സി പ്രചാരണ വിഭാഗം ചെയര്‍മാന്‍ കെ മുരളീധരന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വര്‍ഗീയ ഫാസിസത്തിനെതിരേയും സി.പി.എമ്മിന്‍റെ ജാതീയ വിഭജനത്തിനെതിരേയും നൂറുകണക്കിന് വനിതകളെ അണിനിരത്തി അന്നേദിവസം വൈകുന്നേരം എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടേയും നേതൃത്വത്തില്‍ നവോത്ഥാന പദയാത്രകള്‍ സംഘടിപ്പിക്കും.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഡിസംബര്‍ 29 ന്

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തര യോഗം ഡിസംബര്‍ 29ന് വൈകുന്നേരം 3 മണിക്ക് ഇന്ദിരാഭവനില്‍ ചേരും. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ലി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.