കേന്ദ്ര സർക്കാർ കർഷകരെ അപമാനിക്കുന്നു ; ഭാരത് ബന്ദിന് കോണ്‍ഗ്രസ് പിന്തുണ

Jaihind News Bureau
Sunday, December 6, 2020

 

ന്യൂഡല്‍ഹി : കർഷക സംഘടനകൾ ആഹ്വനം ചെയ്ത ഭാരത് ബന്ദിന്  കോണ്‍ഗ്രസ് പൂർണപിന്തുണ നല്‍കും.  ദേശീയ വക്താവ് പവന്‍ ഖേരയാണ് ഇക്കാര്യം വ്യക്തമാക്കിയത്.   കോർപറേറ്റ് മുതലാളിമാരെ സഹായിക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ പാസാക്കിയത്. കർഷക സംഘടനകൾക്ക് പാകിസ്ഥാൻ പിന്തുണ എന്ന കേന്ദ്ര വാദം അപഹാസ്യവും കർഷകരെ അപമാനിക്കുന്നതെന്നും പാർട്ടി വിമർശിച്ചു.

കൊവിഡ് മഹമാരിയിലും കോർപറേറ്റ് മുതലാളിമാരെ സഹായിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് കൂടി ആലോചനകൾ ഇല്ലാതെ കാർഷിക നിയമങ്ങൾ പാസാക്കിയത്. കർഷക താൽപ്പര്യം മുൻനിർത്തിയാണ് കാർഷിക നിയമങ്ങൾ പാസാക്കിയത് എങ്കിൽ കർഷകരുമായി കൂടിയാലോചനകൾ ഉണ്ടാകുമായിരുന്നു എന്നും പവൻ ഖേര പറഞ്ഞു.

കർഷക പ്രതിഷേധത്തിന് വിദേശ ഫണ്ടിങ് ഉണ്ട് എന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ കർഷകരെ അപമാനിക്കുന്നതാണ്. രാജ്യത്തിന്റെ വികസനത്തിനും നിലനിൽപ്പിനും കർഷകർ നൽകുന്ന സംഭാവനകളെ കേന്ദ്ര സർക്കാർ വിസ്മരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.