ബിജെപി സര്‍ക്കാരിന്‍റെ  രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം; ‘സ്പീക്ക് ഫോർ ഡെമോക്രസി’ ക്യാമ്പയിൻ ഇന്ന്; രാജ് ഭവനുകൾക്കു മുന്നിൽ പ്രതിഷേധം നാളെ

Jaihind News Bureau
Sunday, July 26, 2020

ബിജെപി സര്‍ക്കാരിന്‍റെ  രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്.  ‘സ്പീക്ക് ഫോർ ഡെമോക്രസി’ എന്ന പേരിൽ  ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ  പാർട്ടി ക്യാമ്പയിൻ സംഘടിപ്പിക്കും. നേതാക്കളും പ്രവർത്തകരും  സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തും. തിങ്കളാഴ്ച എല്ലാ സംസ്ഥാനങ്ങളിലും രാജ് ഭവനുകൾക്കു മുന്നിൽ ‘സേവ് ഡെമോക്രസി-സേവ് കോൺസ്റ്റിട്യൂഷൻ’ എന്ന പേരിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ പ്രക്ഷോഭ പരിപാടികളും സാമൂഹ്യ അകലവും, ആരോഗ്യ പ്രോട്ടോകോളുകളും പാലിച്ചായിരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂർണരൂപം

ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പണമൊഴുക്കിയും, കുതിരക്കച്ചവടം നടത്തിയും അട്ടിമറിക്കാനും, ഈ രാഷ്ട്രീയ അധാർമിക പ്രവർത്തങ്ങൾക്ക് ഗവർണർ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ പോലും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന ബിജെപി നിലപാടുകൾക്കെതിരെ കോൺഗ്രസ് പാർട്ടി ദേശ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്തു പോലും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് പകരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാൻ കോപ്പു കൂട്ടുകയാണ് ബി ജെപി. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്താണ് മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിച്ചത്. അത് നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കോവിഡ് പ്രതിരോധത്തെ പോലും ദോഷമായി ബാധിച്ചിരുന്നു. മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രിക്കു പോലും കോവിഡ് ബാധിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. സമാനമായ രീതിയിലാണ് ഏറ്റവും പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആശീർവാദത്തോടെ കോപ്പു കൂട്ടികൊണ്ടിരിക്കുന്നത്. ഈ അധാർമിക രാഷ്ട്രീയ നടപടിക്ക് ഗവർണർ ഉൾപ്പെടെയുള്ള ഭരണഘടനാ കാവലാളാവേണ്ട സ്ഥാപനങ്ങൾ പോലും കൂട്ടുനിൽക്കുകയാണ്. മുഖ്യ മന്ത്രി ആവശ്യപ്പെട്ടിട്ടു പോലും നിയമസഭാ വിളിച്ചു ചേർക്കാതെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനു കൂട്ട് നിൽക്കുകയാണ് രാജസ്ഥാനിലെ ഗവർണർ. ഈ നഗ്നമായ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ നാളെ ജൂലൈ 26 നു സ്പീക്ക് ഫോർ ഡെമോക്രസി എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ രാജ്യവ്യാപകമായി കോൺഗ്രസ് പാർട്ടി ക്യാമ്പയിൻ സംഘടിപ്പിക്കും. തുടർന്ന് പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജൂലൈ 27 തിങ്കളാഴ്ച എല്ലാ സംസ്ഥാനങ്ങളിലും രാജ് ഭവനുകൾക്കു മുന്നിൽ സേവ് ഡെമോക്രസി-സേവ് കോൺസ്റ്റിട്യൂഷൻ എന്ന പേരിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും വേണുഗോപാൽ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ പ്രക്ഷോഭ പരിപാടികളും സാമൂഹ്യ അകലവും, ആരോഗ്യ പ്രോട്ടോകോളുകളും പാലിച്ചായിരിക്കുമെന്നും വേണുഗോപാൽ അറിയിച്ചു.

 

എ.ഐ.സി.സി ആഹ്വാന പ്രകാരം ജൂലൈ 26 ഞായറാഴ്ച രാവിലെ 10 മുതല് ”സ്പീക്കപ് ഫോര് ഡെമോക്രസി” ക്യാമ്പയിന് കോണ്ഗ്രസ് സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറല് സെക്രട്ടറി കെ.പി. അനില്കുമാറും അറിയിച്ചു. കെ.പി.സി.സി ഭാരവാഹികള്, എം.പിമാര്.എം.എല്.എമാര്, ഡി.സി.സി,ബ്ലോക്ക്,മണ്ഡലം,ബൂത്ത് തലത്തിലുള്ള ഭാരവാഹികളും നേതാക്കളും ഉള്പ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ ലൈവായി സംവദിക്കുന്നതാണ് സ്പീക്കപ്പ് ഫോര് ഡെമോക്രസി ക്യാമ്പയിന്. നരേന്ദ്ര മോദി സര്ക്കാര് അധികാരത്തിലെത്തിയത് മുതല് കോണ്ഗ്രസ് സര്ക്കാരുകളെ ദുര്ബലപ്പെടുത്തി അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് രാജസ്ഥാന് സര്ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമെന്നും അനില്കുമാര് പറഞ്ഞു.