സംസ്ഥാനത്ത് പോലീസ് രാജെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Friday, July 5, 2019

സംസ്ഥാനത്ത് പോലീസ് രാജെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു സുരക്ഷിതത്തമില്ല. കസ്റ്റഡിയിലെടുത്താല്‍ പോലീസ് ഉരുട്ടിക്കൊല്ലും. ഭരണകാര്യങ്ങള്‍ കൈ കാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പരാജയമാണ്. മുഖ്യമന്ത്രിക്ക് നിയമസഭയോട് അനാദരവാണെന്നും കാബിനറ്റിലും ആഭ്യന്തര വകുപ്പിലും മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ധൂര്‍ത്തും ധാരാളിത്വവുമാണ് പിണറായി സര്‍ക്കാരിന്‍റെ മുഖമുദ്ര. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ലക്ഷങ്ങളാണ് പൊടിക്കുന്നത്. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുകലഭിച്ചെന്ന് വെളിപ്പെടുത്താന്‍ പോലും മുഖ്യമന്ത്രി ഇതുവരെ തയ്യാറല്ല. നിഷ്‌ക്രിയമായ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. ജീവനക്കാരോട് ഒരു പ്രതിബദ്ധതയുമില്ല. ശമ്പളപരിഷ്‌ക്കരണത്തിന് ഒരു നടപടിയും നാളിതുവരെ പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് യുഡിഎഫിന്‍റെ ധാർമിക വിജയമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് എസ് പി യെ സസ്പെൻറ് ചെയ്ത് അന്വേഷണം നടത്താൻ തയ്യാറാവണമെന്നും ഈ കസ്റ്റഡി മരണങ്ങളെക്കുറിച്ച് നീതിപൂർവമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ കുടുംബവും ഇന്ന് ഭീതിയുടെ നിഴലിലാണ്. ആ കുടുംബത്തെ സംരക്ഷിക്കാൻ യാതൊരു നടപടിയുമില്ലെന്ന് മാത്രമല്ല അവരെ മാനസികമായി പീഡിപ്പിക്കുകയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പില്‍ യാതൊരു നിയന്ത്രണവും ഇല്ലാത്ത മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയാൻ തയ്യാറാവണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ലോക കേരള സഭയെക്കുറിച്ച് വാചാലനാകുന്ന മുഖ്യമന്ത്രി പ്രവാസികളെ അവഗണിക്കുന്നു. പാർട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ് ആന്തൂരിലേത്. അഴിമതിയുടെ കൂമ്പാരമാണ് ആന്തൂർ നഗരസഭയെന്നും അദ്ദേഹം പറഞ്ഞു. ആന്തൂർ വിഷയത്തിൽ മുഖ്യമന്ത്രി പലതും മറച്ചുവയ്ക്കുന്നുണ്ട്

സംസ്ഥാനം ഇന്ന് ക്രിമിനലുകൾ ഭരണം നടത്തുന്ന ഇടമായി മാറിയെന്നും പോലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയാറാവുന്നില്ലെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം വേട്ടക്കാരുടെ കൂടെ നിൽക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും കുറ്റപ്പെടുത്തി.