യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെയുള്ള പൂതന പരാമർശത്തിൽ മന്ത്രി ജി സുധാകരന് ക്ലീൻചിറ്റ് നൽകി ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരെ കോൺഗ്രസ് രംഗത്ത്. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തെതുടർന്നാണ് മന്ത്രി ജി സുധാകരന് അനുകൂലമായി ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയതെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് അഡ്വ എം ലിജു ആരോപിച്ചു. മന്ത്രി ജി സുധാകരന്റെ പരാമർശം ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചല്ലെന്ന് ആലപ്പുഴ ജില്ലാ കളക്ടർ റിപ്പോർട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയിരുന്നു
ഈ മാസം നാലിന് അരൂർ തൈക്കാട്ടുശേരിയിൽ നടന്ന എൽഡിഎഫ് കുടുംബയോഗത്തിൽ വച്ചാണ് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ അപമാനിക്കുന്ന രീതിയിലുള്ള പ്രസംഗം മന്ത്രി ജി സുധാകരൻ നടത്തിയത്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നൽകുകയും ചെയ്തിരുന്നു. വിഷയത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് നൽകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചല്ല മന്ത്രിയുടെ പരാമർശം എന്ന റിപ്പോർട്ടാണ് സംഭവം അന്വേഷിച്ച ആലപ്പുഴ ജില്ലാ കളക്ടർ അദീല അബ്ദുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയത്. പരാതിക്കാരി ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കേണ്ടത് പോലീസാണെെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തെതുടർന്നാണ് ജില്ലാ കളക്ടർ മന്ത്രി ജി സുധാകരന് അനുകൂലമായി റിപ്പോർട്ട് നൽകിയതെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലില്ലാത്ത സ്വതന്ത്ര നിരീക്ഷണ ഏജൻസിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും എം ലിജു ആവശ്യപ്പെട്ടു.
ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി നടത്തിയ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നു വന്നത്. വിഷയത്തിൽ വനിത കമ്മിഷൻ ഇടപെടണമെന്ന് മഹിളാ കോൺഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. സ്ത്രീ വിരുദ്ധ പരാമര്ശത്തിലൂടെ അപകീർത്തിപ്പെടുത്തിയ മന്ത്രിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഷാനിമോൾ ചീഫ് ഇലെക്ഷൻ ഏജന്റ് പൂച്ചാക്കൽ പോലീസിലും ആലപ്പുഴ എസ്പിക്കും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.