യു.പിയില്‍ കോണ്‍ഗ്രസ്-അപ്നാ ദള്‍ സഖ്യം; പങ്കജ് നിരഞ്ജന്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

Jaihind Webdesk
Sunday, March 17, 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ച് അപ്നാദള്‍ കൃഷ്ണപട്ടേല്‍ വിഭാഗം. ഇതോടൊപ്പം കൃഷ്ണ പട്ടേലിന്‍റെ മരുമകന്‍ പങ്കജ് നിരഞ്ജന്‍ സിംഗ് ചന്ദേല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, ജ്യോതിരാദിത്യസിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പങ്കജിന്‍റെ കോണ്‍ഗ്രസ് പ്രവേശം.  കൃഷ്ണപട്ടേലും മരുമകന്‍റെ കോണ്‍ഗ്രസ് പ്രവേശത്തിന് സാക്ഷിയായി.

കോണ്‍ഗ്രസുമായുള്ള ധാരണപ്രകാരം രണ്ട് സീറ്റുകളില്‍ അപ്നാദള്‍ മത്സരിക്കാനും തീരുമാനമായി. ബസ്തി, ഗോന്ദ എന്നീ ലോക്സഭാമണ്ഡലങ്ങളില്‍ അപ്നാദള്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

നിരവധി ചെറുകക്ഷികളാണ് ബി.ജെ.പിയുമായുളള സഖ്യം അവസാനിപ്പിക്കാന്‍ തയാറായി മുന്നോട്ടുവരുന്നത്. ബി.ജെ.പിയുടെ നിലപാടുകള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ചെറുപാര്‍ട്ടികള്‍ക്കിടയിലുള്ളത്.