ഉന്നാവോ വിഷയം പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. കേന്ദ്ര ആഭ്യന്തരമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതേസമയം ഉന്നാവോ ലൈംഗിക പീഡനക്കേസിലെ ഇരയും കുടുംബവും അപകടത്തിൽ പെട്ടതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നതിന് ബലമേറുകയാണ്. പെൺകുട്ടിയുടെ നീക്കങ്ങൾ എം.എൽ.എക്ക് ഒരു പോലീസുകാരൻ ചോർത്തി നൽകുകയായിരുന്നുവെന്നാണ് എഫ്.ഐ.ആർ. എം.എല്‍.എയില്‍ നിന്ന് തങ്ങള്‍ക്ക് നിരന്തരമായി ഭീഷണിയുണ്ടായിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം വെളിപ്പെടുത്തി. അതേസമയം അപകടത്തില്‍ പരിക്കേറ്റ പെൺകുട്ടിയുടെ നില അതീവ അതീവ ഗുരുതരമായി തുടരുകയാണ്.
അപകടത്തിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന സംശയത്തിന് ശക്തിപകരുന്ന കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നത്. പെൺകുട്ടിയുടെ സുരക്ഷയ്ക്ക് വീട്ടിൽ 7 പൊലീസുകാരെയും യാത്രയിൽ അകമ്പടിക്കു 3 പൊലീസുകാരെയും നിയോഗിച്ചിരുന്നു. എന്നാൽ അപകടം നടക്കുമ്പോൾ പോലീസ് ഒപ്പമുണ്ടായിരുന്നില്ല എന്നത് സംശയത്തിന് വഴിവെക്കുന്നു. കാറിൽ സ്ഥലമില്ലാത്തതിനാൽ പൊലീസുകാർ ഒപ്പം പോയില്ലെന്നാണു വിശദീകരണം. അതേസമയം, അംഗരക്ഷകരായ പൊലീസുകാർ തന്നെയാണ് പെണ്‍കുട്ടിയുടെ യാത്ര സംബന്ധിച്ച വിവരം ജയിലിൽ കഴിയുന്ന കേസിലെ പ്രതി ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിന് ചോർത്തിനൽകിയതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
പീഡനക്കേസിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ അറസ്റ്റിലായ എം.എൽ.എ ജയിലിലിരുന്നും ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും തങ്ങൾ നിരന്തരം ഭീഷണി നേരിട്ടുവെന്നും പെൺകുട്ടിയുടെ കുടുംബം പറയുന്നു. സംഭവത്തില്‍ കുൽദീപ് സിംഗ് സെംഗാറിനെതിരെ കഴിഞ്ഞ ദിവസം കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എം.എൽ.എയ്ക്ക് പുറമേ സഹോദരൻ മനോജ് സിംഗ് സെംഗാറിനും മറ്റ് എട്ട് പേർക്കുമെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റായ്ബറേലി ജയിലില്‍ക്കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മാവന്‍ മഹേഷ് സിംഗിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റായ്ബറേലിയിലെ ഗുര്‍ബൂബ്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഞായറാഴ്ച റായ്ബറേലിയിലുണ്ടായ അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരിലൊരാൾ പീഡനക്കേസിലെ സാക്ഷിയാണ്. ഗുരുതര പരിക്കേറ്റ പെൺകുട്ടിയും അഭിഭാഷകനും വെന്‍റിലേറ്ററിലാണ്. പെൺകുട്ടിയുടെ അമ്മയ്ക്കും ഗുരുതര പരിക്കുണ്ട്. വ്യാജരേഖ ആരോപണത്തിന്‍റെ പേരിൽ ജയിലിലടയ്ക്കപ്പെട്ട അമ്മാവനെ കണ്ടു മടങ്ങുമ്പോഴാണ് പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചുകയറിയത്.
രണ്ട് വര്‍ഷത്തിനിടെ കേസുമായി ബന്ധപ്പെട്ട നാല് പേരാണ് ദുരൂഹസാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് സാക്ഷിയായ ആളും കഴിഞ്ഞ വര്‍ഷം ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു. സംഭവത്തില്‍ ബി.ജെ.പി എം.എൽ.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
https://www.youtube.com/watch?v=UUY0c4dwFbE