റഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കാളിത്തം തുറന്നുകാട്ടി കോണ്‍ഗ്രസ്

webdesk
Friday, November 16, 2018

റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കാളിത്തം തുറന്നുകാട്ടി കോൺഗ്രസ്. വിമാന വിലനിർണയം, സോവറിൻ ഗ്യാരണ്ടി, നിയമനടപടികൾ ഇന്ത്യയിൽ നിന്നും മാറ്റിയത് എന്നിവയിൽ അന്തിമ തീരുമാനം മോദിയുടേതായിരുന്നു എന്ന് കോൺഗ്രസ് ആരോപിച്ചു. സോവറിൻ ഗ്യാരണ്ടി ഫ്രാൻസ് നൽകിയില്ലെന്ന് വെളിപ്പെടുത്തേണ്ടി വന്നതും പ്രതിപക്ഷ പ്രതിഷേധവും സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

റഫാൽ ഇടപാടിലെ ചട്ടലംഘനങ്ങളും മോദിയുടെ പങ്കാളിത്തവും ഓരോന്നായി തുറന്നു കാട്ടുകയാണ് കോൺഗ്രസ്. 5.2 ബില്യണിൽ നിന്നും വിമാന വില 8.2 ബില്യണാക്കിയത് നരേന്ദ്ര മോദിയാണ്. അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ വിഷയം ചർച്ച ചെയ്‌തെങ്കിലും അന്തിമ തീരുമാനത്തിനായി പ്രധാനമന്ത്രിക്ക് വിട്ടിരുന്നു. ആരെ സഹായിക്കാനായാണ് ഉയർന്ന വില നിശ്ചയിച്ചതെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ്‌സിംഗ് സുർജേവാല ആരോപിച്ചു.

ഫ്രാൻസിൽ നിന്ന് വിമാനം ലഭ്യമാക്കുമെന്ന സോവറിൻ ഗ്യാരണ്ടി വാങ്ങണമെന്ന് നിയമമന്ത്രാലയം 2015 ഡിസംബർ 9ന് നിർദേശിച്ചിരുന്നു. 2016 ആഗസ്റ്റ് 18ന് എയർ അക്വിസിഷൻ വിഭാഗവും സമാന ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങളെയെല്ലാം പ്രധാനമന്ത്രി കാബിനറ്റ് കമ്മിറ്റി ഓഫ് സെക്യൂരിറ്റി യോഗത്തിൽ തള്ളി.

ഇടപാടിലെ നിയമനടപടികൾ സർക്കാരുകൾ തമ്മിലാണെന്ന മാനദണ്ഡം ഇന്ത്യയും ദസോയും എന്ന നിലയിലേക്ക് മോദി മാറ്റി. ഇന്ത്യൻ ആർബിട്രേഷൻ നിയമപ്രകാരം നിയമ നടപടികൾ ഇന്ത്യയിലായിരിക്കണമെന്ന നിയമമന്ത്രാലയത്തിന്‍റെ 2015 ഡിസംബർ 11ലെ നിർദേശവും തള്ളി.

നെഗോസിയേഷൻ കമ്മിറ്റി നിലവിലിരിക്കെ 2016 ജനുവരിയിൽ ഇടപാട് വിലപേശലിനായി ഫ്രാൻസിലെത്തിയത് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു. അതിനാൽ സത്യം പുറത്തുവരുന്നതിന് ജെ.പി.സി അന്വേഷണം വേണമെന്നും കോൺഗ്രസ് ആവർത്തിച്ചു.