ന്യൂഡൽഹി : ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന, വെസ്റ്റ് ബംഗാള്‍, പോണ്ടിച്ചേരി തുടങ്ങിയ ഏഴ് സംസ്ഥാനങ്ങളിലെ 57 പേരുടെ പട്ടികയാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചത്. ബംഗളുരു നോര്‍ത്തില്‍ നിന്നുള്ള മുന്‍ രാജ്യസഭാംഗം എം വി രാജീവ് ഗൗഡയും ഗുജറാത്തിലെ ആനന്ദില്‍ നിന്നുള്ള അമിത് ചൗഡയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള 43 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക കോണ്‍ഗ്രസ് നേരത്തെ പുറത്തുവിട്ടിരുന്നു. സിറ്റിംഗ് ലോക്സഭാ എംപിയും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയിയുടെ മകന്‍ ഗൗരവ് ഗൊഗോയ് സംസ്ഥാനത്തെ ജോര്‍ഹട്ട് മണ്ഡലത്തില്‍ മത്സരിക്കും. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ ചിന്ദ്വാരയില്‍ നിന്നാണ് മത്സരിക്കുന്നത്. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ജലോര്‍ മണ്ഡലത്തില്‍ മത്സരിക്കും. എട്ട് സംസ്ഥാനങ്ങളില്‍ നിന്നും ഒരു കേന്ദ്രഭരണ പ്രദേശത്തുനിന്നും 39 സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ട പട്ടികയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടിലും കെ സി വേണുഗോപാല്‍ ആലപ്പുഴയിലും മത്സരിക്കും.