ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള എട്ടാം സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടു

Jaihind Webdesk
Sunday, March 24, 2019


ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള എട്ടാം സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ള 38 സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്. കേരളത്തിലെ വയനാട്, വടകര മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് നേതൃത്വം സൂചന നൽകിയിരുന്നു. ഇത് സംബന്ധിച്ചു സ്ഥിരീകരണം ഇന്നുണ്ടായേക്കുമെന്നാണ് കെപിസിസി  അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞദിവസം വ്യക്തമാക്കിയത്. കർണാടകയിലെ ഹവേരിയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഡി.ആർ. പാട്ടീലാണ് ഇവിടെ സ്ഥാനാർഥി. രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു ഇത്. മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ് ഭോപ്പാലിൽനിന്നു ജനവിധി തേടും. അശോക് ചവാൻ മഹാരാഷ്ട്രയിലെ നാന്ദെഡിൽനിന്നും ഹരീഷ് റാവത്ത് ഉത്തരാഖണ്ഡിലെ നൈനിറ്റാൾ-ഉദംസിംഗ് നഗറിൽനിന്നും മത്സരിക്കും. വെള്ളിയാഴ്ച പുറത്തുവിട്ട ഏഴാംഘട്ട പട്ടികയിൽ 35 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയും കോൺഗ്രസ് പ്രഖ്യാപിച്ചു.