ഇന്ധനക്കൊള്ളയില്‍ കേന്ദ്രത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്; വ്യാഴാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധം

Jaihind Webdesk
Saturday, March 26, 2022

 

ന്യൂഡല്‍ഹി : ഇന്ധന വിലവർധനവിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ്. വരുന്ന വ്യാഴാഴ്ച മുതൽ ഏപ്രിൽ 7 വരെ രാജ്യത്ത് ഉടനീളം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന സമര പരിപാടികൾക്ക്  ‘മെഹംഗായി മുക്ത് ഭാരത് അഭിയാൻ’ എന്നാണ് പേരിട്ടിരിക്കുന്നത്.

മോദി സർക്കാർ നാണംകെട്ട് പൊതുജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇന്ധന വിലവർധനക്കെതിരെ വരുന്ന വ്യാഴാഴ്ച വീടുകൾ കേന്ദ്രീകരിച്ചും പൊതുവിടങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. രാവിലെ 11 മണിക്ക് വീടുകൾക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളിൽ മാല ചാർത്തി പ്രതിഷേധിക്കും. ചെണ്ട കൊട്ടിയും മണികൾ മുഴക്കിയും പ്രതിഷേധങ്ങളിൽ അണി ചേരണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ വർധിപ്പിച്ചതിലൂടെ ബിജെപി സർക്കാർ എട്ട് വർഷം കൊണ്ട് 26 ലക്ഷം കോടി രൂപ സമ്പാദിച്ചു. അതിനിടെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്തെത്തി. ‘രാജാവ് കൊട്ടാരത്തിനായി തയാറെടുക്കുകയാണെന്നും പ്രജകൾ വിലക്കയറ്റത്തിൽ പൊറുതി മുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ മോദി വഞ്ചിച്ചെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. മോദി അധികാരത്തിലേറിയതുമുതൽ രാജ്യം പുറകോട്ടാണ് പോകുന്നത്. പാചക വാതകത്തിനുള്ള സബ്‌സിഡി നിർത്തലാക്കിയ കേന്ദ്ര സർക്കാർ ഉത്തർപ്രദേശിലെ സൗജന്യ എൽപിജി സിലിണ്ടർ വിതരണവും നിർത്തിവെച്ചു. മധ്യവർഗങ്ങളെ പരിഹസിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിനെന്നും രൺദീപ് സിംഗ് സുർജേവാല തുടർന്നു പറഞ്ഞു.