സി.ഒ.ടി നസീർ വധശ്രമം : എ.എൻ ഷംസീർ എം.എൽ.എക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

Jaihind Webdesk
Thursday, June 13, 2019

സി.ഒ.ടി നസീറിനെതിരായ ആക്രമണത്തിൽ എ.എൻ ഷംസീർ എം.എൽ.എക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി എകദിന ഉപവാസ സമരത്തിൽ.നസീറിന് പണി കൊടുക്കാൻ ആളെ അയച്ച മേസ്തിരിയെ കണ്ടെത്തണമെന്ന് കെ.മുരളീധരൻ.സതീശൻ പാച്ചേനിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.മുരളീധരൻ.

സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തിൽ ആരോപണത്തിനെ മുന തലശേരി എം.എൽ.എ എ.എൻ ഷംസീറിലേക്ക് നീണ്ടതോടെയാണ് ഷംസീറിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. സതീശൻ പാച്ചേനിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് എ എൻ ഷംസീർ എംഎൽഎയ്ക്ക് എതിരെ രൂക്ഷമായ വിമർശനമാണ് വടകരയിലെ നിയുക്ത എംപികെ.മുരളീധരൻ നടത്തിയത്.പാർട്ടിവിടുന്നവരെയെല്ലാം കൊല്ലും എന്ന രീതി സിപിഎം അവസാനിപ്പിക്കണം. അക്രമസംഭവത്തിൽ പങ്കില്ലെന്ന് പറയാൻ ഷംസീർ തയ്യാറാകാത്തത് സംശയത്തിന്റെ ആഴം കൂട്ടുന്നതായി കെ.മുരളീധരൻ പറഞ്ഞു.

നസീറിനെ അക്രമിക്കാൻ പണിക്കാരെ അയച്ച യഥാർത്ഥ മേസ്തിരിയെ  കണ്ടെത്താൻ പോലീസ് തയ്യാറാകണമെന്ന് കെ.മുരളീധരൻ ആവശ്യപ്പെട്ടു .

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫിന്റെ ഘടക കക്ഷി നേതാക്കളും സമര പന്തലിൽ എത്തിയിരുന്നു. വിവിധ കെ പി സി സി നേതാക്കളും ഡിസിസി ഭാരവാഹികളും ഉപവാസ സമരത്തിൽ പങ്കെടുത്തു.സി.ഒ.ടി നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷംസീറിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറായില്ലങ്കിൽ പ്രക്ഷോഭം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.