സമരച്ചൂടില്‍ കേരളം: മുഖ്യമന്ത്രിയുടെ രാജിക്കായി കോണ്‍ഗ്രസിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം; ബോധപൂർവം പ്രകോപനം സൃഷ്ടിക്കാന്‍ പോലീസ് ശ്രമം; ജലപീരങ്കി, ലാത്തിച്ചാർജ്

Jaihind Webdesk
Friday, June 10, 2022

 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന കോണ്‍ഗ്രസ് പ്രതിഷേധസമരത്തിന് നേരെ പോലീസ് അതിക്രമം. മിക്ക ജില്ലകളിലും പ്രകോപനമുണ്ടാക്കാനാണ് പോലീസിന്‍റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. കൊല്ലത്ത് പോലീസ് നടത്തിയ ലാത്തിച്ചാർജില്‍ നിരവധി പ്രവര്‍ത്തകർക്ക് പരിക്കേറ്റു. കണ്ണൂരിലും കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേരെ പ്രകോപനമില്ലാതെ ജലപീരങ്കി പ്രയോഗം നടത്തി. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അതിശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

മിക്ക സ്ഥലങ്ങളിലും ബിരിയാണി ചെമ്പുകളുമായിട്ടാണ് പ്രവര്‍ത്തകർ പ്രതിഷേധിച്ചത്.  കൊല്ലത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേരെ പോലീസ് നരനായാട്ടാണ് നടത്തിയത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. കണ്ണൂരിലും കോഴിക്കോട് മുദ്രാവാക്യം വിളിച്ച പ്രവർത്തകർക്ക് പ്രകോപനം ഇല്ലാതെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.  കണ്ണൂർ ജില്ലയില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ബോധപൂർവമായ ശ്രമമാണ് പോലീസ് നടത്തുന്നത്. പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗം അവസാനിക്കുമ്പോള്‍ തന്നെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായികുന്നു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിക്ക് പോലീസ് നല്‍കിയ മുന്‍കൂര്‍ നോട്ടീസും പ്രകോപനമുണ്ടാക്കാന്‍ പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ ശ്രമവും ചേര്‍ത്തുവായിക്കപ്പെടേണ്ടതാണ്. കണ്ണൂർ ജില്ലയിലെ പ്രതിഷേധത്തില്‍ അക്രമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് കെ സുധാകന്‍ എംപിക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്.

തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലകളിൽ കളക്ടറേറ്റുകൾക്ക് മുന്നിലുമാണ് പ്രതിഷേധ സമരം. യുഡിഎഫിന്‍റെ ആയിരക്കണക്കിന് പ്രവർത്തകരാണ് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്.  സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. കെപിസിസി, ഡിസിസി ഭാരവാഹികൾ പങ്കെടുക്കും. പ്രതിഷേധമാർച്ച് എംഎൽഎ ഹോസ്റ്റലിന് മുന്നിലെ ആശാൻ സ്‌ക്വയറിൽ നിന്നാണ് ആരംഭിക്കുക. യുഡിഎഫ് കൺവീനർ എംഎം ഹസൻ, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ, എം. വിൻസന്‍റ്, വി.എസ് ശിവകുമാർ, ശരത് ചന്ദ്രപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകും.

എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ആലപ്പുഴയിൽ രമേശ് ചെന്നിത്തല, കൊല്ലത്ത് കെ മുരളീധരൻ എംപി എന്നിവർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ എംപി, കണ്ണൂരിൽ എം.ലിജു, കോഴിക്കോട് കെപിസിസി വൈസ് പ്രസിഡന്‍റ് വി.പി സജീന്ദ്രൻ, മലപ്പുറത്ത് പി.സി വിഷ്ണുനാഥ് എംഎൽഎ, വയനാട് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎൽഎ, തൃശൂർ ബെന്നി ബഹനാൻ എംപി, പാലക്കാട് വി.കെ ശ്രീകണ്ഠൻ എംപി, കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, പത്തനംതിട്ടയിൽ കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാം, ഇടുക്കിയില്‍ ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവരും കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു.