‘നവകേരള ഗുണ്ടായിസ’ത്തിനെതിരെ സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് പ്രതിഷേധമിരമ്പി

 

നവകേരള സദസിന്‍റെ പേരില്‍ സംസ്ഥാനത്ത് സിപിഎം, ഡിവൈഎഫ്ഐ, പോലീസ് ഗുണ്ടായിസം അഴിച്ചുവിടുന്നതിനെതിരെ സംസ്ഥാന വ്യാപകമായി കോൺ​ഗ്രസ്പ്രതിഷേധം. സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും ഇന്നു നടന്ന മാർച്ചിൽ പതിനായിരക്കണക്കിനു കോൺ​ഗ്രസ് പ്രവർത്തകർ അണിനിരന്നു. യൂത്ത് കോൺ​ഗ്രസ്, കെഎസ്‌യു, കോൺ​ഗ്രസ് പ്രവർത്തകർക്കെതിരായ അക്രമം അവസാനിപ്പിക്കുകയും ഇതുവരെ ​ഗുണ്ടായിസം നടത്തിയവരെ നിയമത്തിന്‍റെ മുന്നിലെത്തിക്കുകയും വേണമെന്ന് പ്രവർത്തകർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. അതിനു പോലീസ് തയാറാകുന്നില്ലെങ്കിൽ നിയമം കൈയിലെടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി.

കൊച്ചിയിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിൽ കൊച്ചി സിറ്റി കമ്മിഷണറു‌ടെ ഓഫീസിലേക്കു നടത്തിയ മാർച്ച് മറൈൻ ഡ്രൈവ് കണവന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. കൂറ്റൻ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരേ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. മണിക്കൂറുകളോളം പൊലീസിനെ മുൾമുനയിൽ നിർത്തിയ പ്രവർത്തകർ ഒരു മണിയോടെ സ്വയം പിരിഞ്ഞുപോയി.

കോഴിക്കോ‌ട് ജില്ലയിൽ പലയിടങ്ങളിലും പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പിരിച്ചു വിടാൻ കണ്ണീർ വാതകം അടക്കം പ്രയോ​ഗിച്ചു. പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ നിന്ന പ്രവർത്തകർക്കു നേരേ ലാത്തി വീശാനുള്ള ശ്രമം വലിയ സംഘർഷത്തിനു കാരണമാക്കി. ബാരിക്കേ‍ഡ് മറിക‌ടന്ന് സ്റ്റേഷനിലേക്കു ക‌ടക്കാൻ ശ്രമിച്ചവരെ പോലീസ് ബലം പ്രയോ​ഗിച്ചു നീക്കി.

കോട്ടയത്ത് കോണ്‍ഗ്രസിന്‍റെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനു മുൻപിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാരിനെയും പോലീസിനെയും തിരുവഞ്ചൂർ ശക്തമായ ഭാഷയിൽ കുറ്റപ്പെടുത്തി. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുമ്പിൽ നടന്ന പ്രതിഷേധം കെപിസിസി അംഗം ജെജി പാലക്കലോടി ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു മുമ്പിൽ നടന്ന പ്രതിഷേധ മാർച്ച് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മറ്റു പോലീസ് സ്റ്റേഷനുകളായ ഗാന്ധി നഗറിലും, വൈക്കത്തും, തൃക്കൊടിത്താനത്തും, ചിങ്ങവനത്തും കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കണ്ണൂരിലും കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ കണ്ണൂരിലും സംഘർഷം. വളപട്ടണത്ത് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അഴീക്കോട് നിയോജക മണ്ഡലം വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. പ്രതിഷേധ മാര്‍ച്ച് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ഉദ്‌ഘാടനം ചെയ്തു. ഇതിനു ശേഷമാണ് ഉന്തും തള്ളും ഉണ്ടായത്. ഉളിക്കൽ പോലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ച് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

Comments (0)
Add Comment