സോണിയാ ഗാന്ധിക്കെതിരായ ഹരിയാന മുഖ്യമന്ത്രി മനോഹർലാല്‍ ഖട്ടാറിന്‍റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം

Jaihind Webdesk
Monday, October 14, 2019

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എതിരെ ഹരിയാന മുഖ്യമന്ത്രി മനോഹർലാല്‍ ഖട്ടാർ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്‌. പ്രസ്താവന സ്ത്രീവിരുദ്ധമാണെന്നും വിഷയത്തിൽ ഖട്ടാർ മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് എതിരെ രാജ്യത്ത് ഉയർന്നുവരുന്ന അതിക്രമം തടയാൻ കഴിയാത്തവരാണ് സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന നടത്തുന്നതെന്നും കോൺഗ്രസ്‌ കുറ്റപ്പെടുത്തി.

സോണിയാ ഗാന്ധി കോൺഗ്രസ്‌ അധ്യക്ഷപദം ഏറ്റെടുത്തതിനെ സൂചിപ്പിച്ച് ഖട്ടാർ നടത്തിയ പരാമർശമാണ് വിവാദമായത്. മല തുരന്ന് കണ്ടെടുത്തത് ചത്ത എലിയെ ആയിരുന്നു എന്ന ഖട്ടാറിന്‍റെ പരാമർശമാണ് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയത്. ഖട്ടാർ മാപ്പ് പറയണം എന്നാവശ്യപ്പെട്ട മഹിളാ കോൺഗ്രസ്‌ ബി.ജെ.പി ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനവും നടത്തി. ഖട്ടാറിന്‍റെ വിവാദ പ്രസ്താനക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.

രാജ്യത്ത് സ്ത്രീസുരക്ഷ ഉറപ്പ് വരുത്താൻ കഴിയാത്തവരാണ് സോണിയാ ഗാന്ധിയെ വിമർശിക്കുന്നത്. ഇത് സ്ത്രീ സമൂഹത്തെ മുഴുവൻ അപമാനിക്കുന്ന നടപടിയാണെന്നും കോൺഗ്രസ്‌ കുറ്റപ്പെടുത്തി. ഖട്ടാറിന്‍റെ പ്രസ്താവന ലജ്ജാകരമാണെന്നും സ്ത്രീവിരുദ്ധരുടെ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുസ്മിത ദേവ് പ്രതികരിച്ചു.