സി.പി.എം ഭരിക്കുന്ന മലപ്പുറം അങ്ങാടിപ്പുറം പഞ്ചായത്തിൽ വ്യാപക അഴിമതിയെന്ന പരാതിയുമായി കോൺഗ്രസ് രംഗത്ത്. നികുതി രസീതിൽ കൃത്രിമം നടത്തി ലക്ഷങ്ങൾ അഴിമതി നടത്തിയെന്നാണ് ആരോപണം.
നികുതി പിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് രസീതിയിൽ വ്യാപക ക്രമക്കേടു നടത്തിയാണ് അങ്ങാടിപ്പുറം പഞ്ചായത്തിൽ അഴിമതി നടത്തുന്നതെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം. 23 വാർഡുകളിലും നാലു മാസങ്ങൾക്ക് മുൻപ് ക്യാംപുകൾ സംഘടിപ്പിച്ച് നികുതി പിരിച്ചെടുത്തിരുന്നു. ഇതിലുൾപ്പെടെ തിരിമറി നടന്നുവെന്നാണ് ഉയരുന്ന ആരോപണം. പതിനാറ് ലക്ഷത്തോളം രൂപയുടെ തിരിമറിയാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. വലിയ തുക കൃത്രിമം നടത്താൻ കേവലം ഒരു ഓഫീസ് ജീവനക്കാരൻ മാത്രം വിചാരിച്ചാൽ കഴിയില്ലെന്നും ഭരണസമിതിക്ക് ഇതിൽ പങ്കുണ്ടെന്നും ആരോപണമുണ്ട്.
https://www.youtube.com/watch?v=OPyDNhnb80o&feature=youtu.be
അതേസമയം, കൃത്രിമം നടന്നെന്നും എന്നാൽ വ്യാപ്തി എത്രയെന്നറിയാൻ അന്വേഷണം നടക്കുകയാണെന്നും പ്രസിഡൻറ് ഒ.കേശവൻ പ്രതികരിച്ചു.
നിർമ്മാണം പൂർത്തിയാക്കിയ പല വീടുകൾക്കും കെട്ടിടങ്ങൾക്കും വർഷങ്ങൾ കഴിഞ്ഞാണ് നമ്പർ നൽകുന്നതെന്നും ഇതിലും ദുരൂഹതയുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്. പതിനാറ് എൽ.ഡി.എഫ് അംഗങ്ങളുള്ള പഞ്ചായത്തിൽ യു.ഡി.എഫിന് ആറും, ബി.ജെ.പിക്ക് ഒരു അംഗവുമാണുള്ളത്. അഴിമതി പുറത്തു കൊണ്ടും വരെ സമരപരമ്പരകൾക്കും, നിയമപോരാട്ടങ്ങൾക്കും ഒരുങ്ങുകയാണ് കോൺഗ്രസ്.