Video | അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമുണ്ട് ; ബി.ജെ.പിയുടെ ക്രൂരമായ അടിച്ചമർത്തല്‍ അംഗീകരിക്കാനാവില്ല : സോണിയാ ഗാന്ധി

Jaihind News Bureau
Friday, December 20, 2019

പൗരത്വ ഭേദഗതി നിയമത്തില്‍ സമാധാനപരമായ പോരാട്ടത്തിന് ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സർക്കാരിനെതിരെ ഉയരുന്ന എതിർ ശബ്ദങ്ങളെ അതിക്രൂരമായി അടിച്ചമർത്താനാണ് ബി.ജെ.പി സർക്കാര്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവുന്നതല്ല. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്നും സോണിയാ ഗാന്ധി വ്യക്തമാക്കി.

ജനവിരുദ്ധവും പൗരന്മാരെ വേർതിരിക്കാന്‍ ഇടയാക്കുന്നതുമായ പൗരത്വ ഭേദഗതി നിയമത്തിന് പിന്നില്‍ ബി.ജെ.പി സർക്കാരിന് വ്യക്തമായ ഗൂഢലക്ഷ്യമുണ്ട്. ഇതിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭമാണ് വിവിധ സർവകലാശാലകളില്‍ ഉള്‍പ്പെടെ അരങ്ങേറുന്നത്. സർക്കാരിന്‍റെ തെറ്റായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ പ്രതിഷേധിക്കാനും ആശങ്ക അറിയിക്കാനും ഒരു ജനാധിപത്യ രാജ്യത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ജനങ്ങളുടെ ശബ്ദത്തെ ബി.ജെ.പി സർക്കാർ തീർത്തും അവഗണിക്കുകയും എതിർ ശബ്ദങ്ങളെ ബലം പ്രയോഗിച്ച് അതിക്രൂരമായി അടിച്ചമർത്തുകയുമാണ് ചെയ്യുന്നത്. ഇത് അംഗീകരിക്കാനാവുന്നതല്ല.

ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് ക്രൂരതയെ വിമർശിച്ച സോണിയാ ഗാന്ധി, വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അറിയിച്ചു.  പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങള്‍ക്കെതിരെ കേന്ദ്ര സർക്കാര്‍ സ്വീകരിക്കുന്ന ക്രൂരമായ അടിച്ചമർത്തലിനെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നതായും സോണിയാ ഗാന്ധി അറിയിച്ചു.

https://www.facebook.com/JaihindNewsChannel/videos/2418449841798793/