ഇത്രയും നാള്‍ സംരക്ഷിച്ചതിന് എന്‍റെയും കുടുംബത്തിന്‍റെയും നന്ദി : എസ്.പി.ജിക്ക് നന്ദി അറിയിച്ച് സോണിയാ ഗാന്ധി

Jaihind Webdesk
Saturday, November 9, 2019

28 വർഷമായി വീഴ്ചകളില്ലാതെ ആത്മാർഥമായി സുരക്ഷ ഒരുക്കിയ എല്ലാ എസ്.പി.ജി ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. എസ്.പി.ജിയുടെ ആത്മാര്‍ത്ഥത പ്രശംസനീയമെന്ന് പറഞ്ഞ സോണിയാ ഗാന്ധി എസ്.പി.ജിക്ക് മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാ ആശംസകളും നേർന്നു.

കുടുംബത്തിന്‍റെ സുരക്ഷ എസ്.പി.ജിയുടെ കയ്യിലായിരുന്നപ്പോള്‍ തങ്ങള്‍ക്ക് വലിയ സുരക്ഷിതത്വബോധവും ആത്മവിശ്വാസവുമാണുണ്ടായിരുന്നതെന്ന് സോണിയാ ഗാന്ധി പറഞ്ഞു. കഴിഞ്ഞ 28 വർഷക്കാലവും എസ്.പി.ജി തങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയത് അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെയും ജോലിയോടുള്ള തികഞ്ഞ അർപ്പണമനോഭാവത്തോടെയുമാണ്. ഏല്‍പിക്കുന്ന ജോലി ആത്മാര്‍ത്ഥതയോടെ നിർവഹിക്കുന്ന, ധൈര്യവും രാജ്യസ്നേഹവും ഉള്ള സേനാംഗങ്ങളാണ് എസ്.പിജിയിലുള്ളതെന്നും സോണിയാ ഗാന്ധി പറഞ്ഞു.

ഇത്രയും നാള്‍ തങ്ങളെ സുരക്ഷിതരായി കാത്ത എസ്.പി.ജി അംഗങ്ങളെ അഭിനന്ദിച്ചതോടൊപ്പം തന്‍റെയും കുടുംബത്തിന്‍റെയും സ്നേഹവും സോണിയാ ഗാന്ധി അറിയിച്ചു.

രാജീവ്ഗാന്ധിയുടെ വധത്തിന് ശേഷമാണ് കുടുംബത്തിന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്. നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ എസ്.പി.ജി സുരക്ഷയും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.