ഒറ്റക്കെട്ടായി അച്ചടക്കത്തോടെയും ആത്മവിശ്വാസത്തോടെയും കൊവിഡിനെ തുരത്താം;രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സോണിയാ ഗാന്ധി

Jaihind News Bureau
Tuesday, April 14, 2020

ന്യൂഡല്‍ഹി:  കൊറോണ വൈറസ്ബാധയ്‌ക്കെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിവരെ  അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. വീഡിയോ സന്ദേശത്തിലൂടെയാണ് സോണിയാ ഗാന്ധി അഭിനന്ദനമറിയിച്ചത്.  വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുക എന്നതാണ് ഈ സന്ദര്‍ഭത്തില്‍ ചെയ്യാവുന്ന ഏറ്റവും വലിയ ദേശസ്‌നേഹ പ്രവൃത്തിയെന്നും സോണിയാ ഗാന്ധി പറഞ്ഞു.

ഒന്നിച്ച് അച്ചടക്കത്തോടെയും  ആത്മവിശ്വാസത്തോടെയും കോവിഡിനെ നമുക്ക് തുരത്താമെന്നും രാജ്യത്തെ ജനങ്ങളുടെ ക്ഷമക്ക് മുന്നില്‍ നന്ദി അര്‍പ്പിക്കുന്നു എന്നും സോണിയാ ഗാന്ധി പറഞ്ഞു. ലോക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.  ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതിരുന്നിട്ടു പോലും നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ പോരാട്ടമാണ് നടത്തുന്നത്. കൊവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ സോണിയാ ഗാന്ധി, തങ്ങള്‍ ഭരണപക്ഷത്താണെങ്കിലും പ്രതിപക്ഷത്താണെങ്കിലും ആ പിന്തുണയുണ്ടാകുമെന്നും വ്യക്തമാക്കി.