കോഴിക്കോട് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സിപിഎമ്മിന്‍റെ വ്യാപക അക്രമം

Jaihind Webdesk
Wednesday, January 12, 2022

കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക അക്രമം. കൊയിലാണ്ടിയിലും മേപ്പയൂരിനും എടച്ചേരി യിലും കോൺഗ്രസ് ഓഫീസുകൾ അക്രമിക്കപ്പെട്ടു. പലയിടത്തും വ്യാപക നാശനഷ്ടങ്ങളുണ്ടായി. ഇന്നലെ രാത്രിയോടെയാണ് അക്രമമുണ്ടായത്.

ഇടുക്കിയിൽ കുത്തേറ്റു മരിച്ച ധീരജിന്‍റെ മൃതദേഹം വിലാപയാത്രയായി കടന്നു പോയതിനു പിന്നാലെയാണ് ജില്ലയിൽ പലയിടത്തും വ്യാപക അക്രമം ഉണ്ടായത്. കൊയിലാണ്ടിയിൽ കോൺഗ്രസ്സ് ഓഫീസിന് നേരെ ഡിവൈഎഫ്ഐ അക്രമം. ഇന്നലെ രാത്രി പത്ത് മണിയോടുകൂടിയാണ് സംഭവം. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന കോൺഗ്രസ്സ് ബ്ലോക്ക്  കമ്മിറ്റി ഓഫീസാണ് അക്രമിക്കപ്പെട്ടത്. ഓഫീസിന്‍റെ മുകളിലത്തെ നിലയിലെ ഗ്ലാസ്സുകൾ പൂർണ്ണമായും തകർത്തിട്ടുണ്ട് കൊടിമരവും നശിപ്പിച്ചിട്ടുണ്ട്.

ഡിവൈഎഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകർ രാത്രിയിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് വിവി സുധാകരൻ, നഗരസഭ കൗൺസിലർമാരായ മനോജ് പയറ്റു വളപ്പിൽ, രജീഷ് വെങ്ങളത്ത് കണ്ടി, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് അജയ് ബോസ്, ജെറിൽ ബോസ് തുടങ്ങിയവർ നേതൃത്വം നൽകി.

കോൺഗ്രസ്സ് പ്രവർത്തകരുടെ പരാതിയിൽ കൊയിലാണ്ടി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ. സുനിൽകുമാറിന്റെ നേതൃത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മേപ്പയൂരിലെ കോൺഗ്രസ്‌ ഓഫീസിന്‍റെ താഴെ പ്രവർത്തിക്കുന്ന കരയാട് ഗോവിന്ദൻ മാസ്റ്റർ സ്മര മന്ദിരത്തിനു നേരെ ആക്രമണം.ഇരു നിലയിലായി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ കോൺഗ്രസ്സ് ഓഫീസും താഴെ പൊതു ജനങ്ങൾ ഉപയിഗിക്കുന്ന സംസ്‍കാരിക കേന്ദ്രവുമാണ്. സാംസ്കാരിക കേന്ദ്രത്തിന് നേരെയാണ് ഇന്നലെ 11 മണിയോട് കൂടി ആക്രമണം ഉണ്ടായത്. അക്രമം നടത്തിയത് ആരെന്ന് വ്യക്തമല്ല. എടച്ചേരിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം.

മണ്ടലം കോണ്‍ഗ്രസ് ഓഫീസിന് നേരെയാണ് ആക്രമണം. ഇന്നലെ രാത്രി ഒമ്പതര മണിയോടെയാണ് ആക്രമണം നടന്നത്. ഓഫീസിന് മുന്നിലെ കൊടികളും ബോർഡും അകത്തെ ജനല്‍ ചില്ലുകളും കസേരകളും മേശയും എറിഞ്ഞു തകര്‍ത്തു.