കണ്ണൂരില്‍ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം : പൊലീസ് കേസെടുത്തു

Jaihind Webdesk
Tuesday, December 28, 2021

കണ്ണൂർ പാനൂരിന് സമീപം പൊയിലൂരിൽ കോൺഗ്രസ് ഓഫിസിന് നേരെ അക്രമം. സികെ അനന്തൻ മാസ്റ്റർ സ്മാരക മന്ദിരത്തിന്‍റെ ജനൽചില്ലുകൾ അക്രമികൾ എറിഞ്ഞ് തകർത്തു. പ്രചാരണ ബോർഡുകൾ എടുത്ത് കൊണ്ട് പോയി. കൊളവല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വടക്കെ പൊയിലൂരിലെ കോൺഗ്രസ്‌ മേഖല കമ്മിറ്റി ഓഫിസായ സികെ അനന്തൻ മാസ്റ്റർ സ്മാരക മന്ദിരത്തിനു നേരെയാണ് അക്രമം നടന്നത്. ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു. ഫർണ്ണിച്ചറുകളും നശിപ്പിച്ചു. ഓഫിസ് ബോർഡും പ്രചാരണ ബോർഡും തകർത്തു. ഓഫിസിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ബൾബുകൾ മോഷ്ടിച്ചു. ഇന്ന് പുലർച്ചെയാണ് അക്രമം നടന്നത്. ഇതേ ഓഫിസിനു നേരെ മുൻപ് പല തവണ ആക്രമണം നടന്നിരുന്നു.

രാഷ്ട്രീയ പ്രശ്നങ്ങൾ ഇല്ലാത്ത പ്രദേശത്ത് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി കോൺഗ്രസ് ഓഫിസിനു നേരെയുണ്ടായ അക്രമമെന്ന് മണ്ഡലം പ്രസിഡന്‍റ് വി വിപിൻ പറഞ്ഞു. കൊളവല്ലൂർ പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കോൺഗ്രസ് ഓഫിസിന് നേരെയുണ്ടായ അക്രമത്തിൽ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്ജ് പ്രതിഷേധിച്ചു. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മാർട്ടിൻ ജോർജ്ജ് ആവശ്യപ്പെട്ടു.