മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയും 40 സീറ്റുകളില്‍ ഒരുമിച്ച് മത്സരിക്കും; പ്രഖ്യാപനവുമായി പ്രഭുല്‍ പട്ടേല്‍

Jaihind Webdesk
Saturday, January 5, 2019

മുംബൈ: വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും (എന്‍.സി.പി) മഹാരാഷ്ട്രയില്‍ 40 സീറ്റുകളില്‍ ഒരുമിച്ച് മത്സരിക്കും. “വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിയും കോണ്‍ഗ്രസും 40 സീറ്റുകളില്‍ ഒരുമിച്ച് മത്സരിക്കും. എങ്കിലും ഇനിയുള്ള എട്ട് സീറ്റുകളില്‍ തീരുമാനം ഉടനുണ്ടാകും” – എന്‍.സി.പി നേതാവ് പ്രഭുല്‍ പട്ടേല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര, 48 സീറ്റുകള്‍. ബി.ആര്‍. അംബേദ്കറുടെ ആശയങ്ങള്‍ പിന്‍പറ്റുന്നവര്‍ ഒരുമിച്ചുനിന്ന് പോരാടാന്‍ തീരുമാനിച്ചുവെന്നാണ് പ്രഭുല്‍ പട്ടേലിന്റെ വാദം. കോണ്‍ഗ്രസുമായി സഖ്യത്തിന് മാസങ്ങളായി എന്‍.സി.പി നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ടായിരുന്നു. അതിനാണ് ശുഭ പര്യവസായി ആയിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മോഹങ്ങള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയെപ്പോലുള്ള പാര്‍ട്ടികളെ അനുനയിപ്പിക്കുക എന്നതായിരിക്കും ഇനി ബി.ജെ.പിയുടെ തീവ്രശ്രമം.