കോണ്‍ഗ്രസ് നവസങ്കല്‍പ് പദയാത്രകള്‍ക്ക് ഇന്ന് സമാപനം; കെ.സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും

Jaihind Webdesk
Saturday, August 13, 2022

തിരുവനന്തപുരം: കോൺഗ്രസ് നവസങ്കൽപ്‌ പദയാത്രകൾ ഇന്ന് സമാപിക്കും. ഭാരതീയം-സ്വാതന്ത്ര്യദിനാഘോഷ സദസ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.30ന്‌ പാളയം ആശാൻ സ്‌ക്വയറിൽ നിന്നും ആരംഭിക്കുന്ന പദയാത്ര കെ.സി വേണുഗോപാൽഎംപി ഫ്‌ളാഗ്‌ഓഫ്‌ ചെയ്യും. പദയാത്രയിലും അദ്ദേഹം പങ്കെടുക്കും.

സമാപനത്തോടനുബന്ധിച്ച്‌ വൈകിട്ട് 5 മണിക്ക്‌ ഗാന്ധിപാർക്കിൽ ഭാരതീയം-സ്വാതന്ത്ര്യദിനാഘോഷ സാംസ്‌കാരിക സദസ് സംഘടിപ്പിച്ചിട്ടുണ്ട്‌. സാംസ്‌കാരിക-രാഷ്‌ട്രീയ-പൊതുമണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ സദസിൽ ആദരിക്കും. 21 കുട്ടികൾക്ക്‌ സാംസ്‌കാരിക നേതാക്കൾ ദേശീയ പതാകയും പുസ്‌തകവും നൽകും. സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, യുഡിഎഫ്‌ കൺവീനർ എം.എം ഹസൻ, തുടങ്ങിയവർ പങ്കെടുക്കും.