കോൺഗ്രസ് എംപി രാജീവ് സതാവ് കൊവി‍ഡ് ബാധിച്ച് മരിച്ചു ; വലിയ നഷ്ടമെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, May 16, 2021

പൂനെ : മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സതാവ് (46) അന്തരിച്ചു. കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ കഴിയവെ ഞായറാഴ്ചയായിരുന്നു അന്ത്യം.

ഏപ്രിൽ 22ന് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജഹാംഗിർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് വെന്‍റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.

എഐസിസി അംഗം കൂടിയായ രാജീവ് സതാവ് വിദർഭ, മറാത്‌വാഡ മേഖലകളിലെ പാർട്ടിയുടെ പ്രധാന നേതാവായിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ ഹിൻഗോളി ലോക്സഭാ മണ്ഡലത്തിൽനിന്ന് ശിവസേന നേതാവ് സുഭാഷ് വാങ്കഡെയെ പരാജയപ്പെടുത്തി എംപിയായിരുന്നു.

രാജീവ് സതാവെയുടെ വിയോഗത്തില്‍ രാഹുല്‍ ഗാന്ധി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സുഹൃത്ത് കൂടിയായ സതാവിന്‍റെ വിയോഗം ഏവര്‍ക്കും വലിയ നഷ്ടമാണെന്നും ബന്ധുക്കളുടെയും വീട്ടുകാരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.