കോണ്‍ഗ്രസ് അംഗത്വവിതരണം ഡിജിറ്റല്‍ രൂപത്തില്‍; മെംബർഷിപ്പ് ക്യാമ്പെയ്ന്‍ മാർച്ച് 31 വരെ

Jaihind Webdesk
Saturday, February 26, 2022

തിരുവനന്തപുരം : സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വവിതരണം ഡിജിറ്റൽ രൂപത്തിലാക്കാൻ കോൺഗ്രസ് നേതൃ യോഗത്തിൽ തീരുമാനം. ഡിജിറ്റൽ മെമ്പർഷിപ്പ് ക്യാമ്പെയ്ൻ മാർച്ച് 31 വരെ നടത്തും. കെപിസിസി ആസ്ഥാനത്ത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഈ വർഷം 50 ലക്ഷം പേർക്ക് അംഗത്വം നൽകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. അംഗത്വവിതരണം ഡിജിറ്റൽ സംവിധാനത്തിലൂടെ ആയിരിക്കും. ഇതിനായി ഡിജിറ്റൽ മെമ്പർഷിപ്പ് ക്യാമ്പെയ്ൻ നടത്തുമെന്നും കെപിസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് നേതൃയോഗത്തിനുശേഷം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിയുടെ നേതൃത്വത്തിലായിരുന്നു യോഗം. മാർച്ച് 31 വരെയാണ് അംഗത്വ വിതരണം നടത്തുക. ഇന്‍റർനെറ്റ് സംവിധാനം ലഭ്യമാകാത്ത സ്ഥലങ്ങളിൽ സാധാരണഗതിയിലുള്ള അംഗത്വ വിതരണവും നടത്തുമെന്ന് റിട്ടേണിംഗ് ഓഫീസർ ജി പരമേശ്വര പറഞ്ഞു. അംഗത്വത്തിന് 15 രൂപയാണ്. അംഗത്വ വിതരണത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.

https://www.facebook.com/JaihindNewsChannel/videos/1606717026355072