ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 43 സ്ഥാനാർത്ഥികളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. അസം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. സിറ്റിങ്ങ് സീറ്റായ മധ്യപ്രദേശിലെ ചിന്ദ്വാരയിൽ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെ മകൻ നകുൽ നാഥ് മത്സരിക്കും. രാജസ്ഥാനിലെ ജലോറിൽ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെ മകൻ വൈഭവ് ഗെഹ്‌ലോട്ടാണ് സ്ഥാനാർത്ഥി.
അസമിലെ ജോർഹട്ടിൽ ഗൗരവ് ഗോഗോയ്, രാജസ്ഥാനിലെ ചുരുവിൽ നിന്നും രാഹുൽ കസ്വാൻ എന്നിവരാണ് പട്ടികയിലുള്ളത്. രാജസ്ഥാൻ 10, അസം 13, മധ്യപ്രദേശ് 10, ഉത്തരാഖണ്ഡ് 3, ഗുജറാത്ത് 7, ദാമൻ ദ്യു 1 എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തിറക്കിയത്.