ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനായി കോൺഗ്രസ് നേതാക്കൾ ഇന്ന് യോഗം ചേരും.
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളാവും സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ചങ്കെടുക്കുക.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ നാലും യുഡിഎഫിന്‍റെ സിറ്റിങ് സീറ്റുകളാണ്. ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായ അരൂരില്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ മുന്നേറ്റം ആവർത്തിക്കാനായാല്‍ അതും നേട്ടമാകും. ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നും വിജയം താത്കാലിക പ്രതിഭാസമല്ലെന്ന് തെളിയിക്കാന്‍ ഈ വിജയം യുഡിഎഫിന് അനിവാര്യമാണ്. ഇന്ന് നടക്കുന്ന ചർച്ചയിൽ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം മണ്ഡലങ്ങളിലേക്കുളള സ്ഥാനാർത്ഥികളെ സംബന്ധിച്ച് വിശദമായ ചർച്ച നടക്കും. അനൗദ്യോഗിക ചർച്ചകള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ എത്രയും വേഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാകുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.
നിരവധി പേരുകള്‍ എല്ലാ മണ്ഡലങ്ങളിലും പരിഗണനയിലുണ്ട്. മഞ്ചേശ്വരം സീറ്റ് മുസ്ലീം ലീഗിന്‍റേതാണ്. അവിടെയും ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. യുഡിഎഫ് നേതാക്കുമായുളള ചർച്ചകൾക്ക് ശേഷമാകും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ലീഗ് നേതൃത്വം അന്തിമ തീരുമാനം തടുക്കുക.