കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജെ.എൻ.യു സമരക്കാരുമായി കൂടിക്കാഴ്ച നടത്തി ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് നേതാക്കള്‍

Jaihind News Bureau
Monday, January 13, 2020

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജെ.എന്‍.യുവിലെ സമരക്കാരുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കണ്‍വീനർ ബെന്നി ബഹനാന്‍, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് ജെ.എന്‍.യുവിലെത്തി സമരക്കാരെ കണ്ടത്.

സർവകലാശാലയിൽ ഉണ്ടായ അക്രമങ്ങൾക്ക് പിന്നില്‍ പ്രവർത്തിച്ചവരെ സംരക്ഷിക്കാനാണ് ഡല്‍ഹി പൊലീസ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി പറഞ്ഞു. പോലീസ് നിലപാട് ഏകപക്ഷീയമാണ്. കുറ്റക്കാരായ മുഴുവൻ ആളുകൾക്കും എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം. പ്രതികളെ അറസ്റ്റു ചെയ്യുന്നതിനു പകരം അവരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഈ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. വി.സി ഉൾപ്പെടെ ഉള്ളവർക്കെതിരെ നടപടിയെടുക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് പൂർണ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. ജെ.എൻ.യുവിൽ നടന്ന സംഭവങ്ങൾ രാജ്യത്തിന് തന്നെ നാണക്കേടാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ആസൂത്രിത ആക്രമണമാണ് ജെ.എന്‍.യുവില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വൈസ് ചാന്‍സലർ അറിഞ്ഞുകൊണ്ടുള്ള ആക്രമണമാണ് നടന്നത്. വി.സി രാജി വെക്കണമെന്നും സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഫീസ് വർധനവ് പിൻവലിക്കുന്നതുവരെ വിദ്യാർത്ഥികള്‍ സമരവുമായി മുന്നോട്ട് പോകും. പൗരത്വ ഭേദഗതി നിയമത്തെ അടിച്ചമർത്താമെന്ന് കേന്ദ്രം കരുതേണ്ടെന്നും ജനങ്ങളാണ് സമരം നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജെ.എൻ.യുവിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാജ്യത്താകെ സർവകലാശാലാ വിദ്യാർഥികൾ പ്രക്ഷോഭത്തിന്‍റെ പാതയിലാണ്. രാജ്യത്തെ ചിന്തിക്കുന്ന ജനങ്ങൾ ഒന്നടങ്കം ഈ പോരാട്ടത്തിനു പിന്തുണയുമായുണ്ട്. രാജ്യത്തെ മതനിരപേക്ഷതയും സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാനാണ് ഈ പോരാട്ടം. സ്വതന്ത്രചിന്തയുടെയും മതനിരപേക്ഷതയുടേയും ഉജ്വലമാതൃകയാണ് ജെ.എൻ.യു. ഈ അക്രമത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണയും അദ്ദേഹം അറിയിച്ചു. വി.സി പെരുമാറിയത് പക്ഷപാതപരമായിട്ടാണെന്നും സർവകലാശാലയിൽ നടന്ന സംഭവങ്ങൾ ഒരിക്കലും ന്യായീകരിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.