സ്ത്രീധന പീഡനം നേരിടുന്നവര്‍ക്ക് സൗജന്യ നിയമ സഹായവുമായി കോൺഗ്രസ് നേതാവായ യുവ അഭിഭാഷകൻ

Jaihind Webdesk
Thursday, July 1, 2021

മലപ്പുറം : സ്ത്രീധന പീഡനം നേരിടുന്നവര്‍ക്ക് സൗജന്യ നിയമ സഹായവുമായി കോൺഗ്രസ് നേതാവായ യുവ അഭിഭാഷകൻ. കോൺഗ്രസ് നേതാവും പൊന്നാനി കോടതിയിലെ അഭിഭാഷകനുമായ സിദ്ദിഖ് പന്താവൂരാണ് സൗജന്യ നിയമ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.

സ്ത്രീ സുരക്ഷയ്ക്കായി ഖജനാവിൽ നിന്നും കോടികൾ ചെലവിട്ട് പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനമായ വനിതാ കമ്മീഷൻ അധ്യക്ഷ നീതി തേടി എത്തിയ ഒരു യുവതിയോട് പെരുമാറിയ രീതി കേരളം ഞെട്ടലോടെയാണ് കേട്ടത്. നീതി തേടി എത്തുന്നവരെ നിയമപാലകരും അധിക്ഷേപിച്ചയക്കുന്നനിരവധി സംഭവങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. ഇതിനാൽ ഒരു അഭിഭാഷകൻ എന്ന നിലയിൽ ഇത്തരം ഇരകൾക്കൊരു കൈത്താങ്ങാവാൻ ശ്രമിക്കുകയാണ് ചെയ്യുന്നതെന്ന് സിദ്ദിഖ് പന്താവൂർ പറയുന്നു.

സ്ത്രീധന, ഗാർഹിക പീഡനങ്ങൾ അനുഭവിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ രക്ഷിതാക്കൾക്കും സൗജന്യ നിയമ സഹായം നല്‍കുകയാണ് സിദ്ദിഖ് പന്താവൂര്‍ ചെയ്യുന്നത്. മുതിര്‍ന്ന അഭിഭാഷകരുടെ സഹായവും ഇവർക്കായി ലഭ്യമാക്കുമെന്നും സിദ്ദിഖ് അറിയിച്ചു. 9995808023 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ച് പരാതികൾ അറിയിക്കാവുന്നതാണ്. ഇ മെയില്‍ : [email protected]