‘മോദിയെപ്പോലെ വ്യാജവാഗ്ദാനങ്ങളല്ല, കോണ്‍ഗ്രസ് പറയുന്നത് ചെയ്യും’; ഘർ ഘർ ഗ്യാരന്‍റി അഭിയാൻ പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് നൽകുന്നത് പൊള്ളയായ വാഗ്ദാനങ്ങളും ഒരിക്കലും നടപ്പിലാക്കാത്ത ഗ്യാരന്‍റികളും മാത്രമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എന്നാൽ കോൺഗ്രസിന്‍റെ ഗ്യാരന്‍റി, പറയുന്നത് നടപ്പിലാക്കുക എന്നതാണ്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ന്യായ് പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഘർ ഘർ ഗ്യാരന്‍റി അഭിയാൻ പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ.

രാജ്യത്തെ സമസ്തമേഖലകളിലെയും ജനങ്ങളുടെ സമഗ്ര വികസനവും ക്ഷേമവും ലക്ഷ്യമിട്ടുള്ള അഞ്ചിന ന്യായ് പദ്ധതിയാണ് കോൺഗ്രസ് പ്രകടനപത്രികയിലൂടെ മുന്നോട്ടുവെക്കുന്നത്. കോൺഗ്രസിന്‍റെ അഞ്ച് ന്യായ് പദ്ധതികൾക്ക് കീഴിലെ 25 ഉറപ്പുകളും തങ്ങൾ പാലിക്കുമെന്ന് ഖാർഗെ വ്യക്തമാക്കി. ഇതിനായി വീടുകൾ തോറും പ്രവർത്തകർ എത്തി കോൺഗ്രസിന്‍റെ ഗ്യാരന്‍റി കാർഡുകൾ വിതരണം ചെയ്യുകയും പദ്ധതികളെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കുകയും ചെയ്യും. നോർത്ത് ഈസ്റ്റ് ഡൽഹി ലോക്സഭാ മണ്ഡലത്തിലാണ് ഖാർഗെ ഈ പ്രചാരണത്തിന് തുടക്കം കുറിച്ചത്. പരമാവധി കുടുംബങ്ങളിലേക്ക് ഗ്യാരന്‍റി കാർഡുകൾ എത്തിക്കുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്.

‘ഞങ്ങളുടെ പാർട്ടി പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി കോൺഗ്രസിന്‍റെ ഗ്യാരന്‍റി കാർഡുകൾ വിതരണം ചെയ്യും, കൂടാതെ ജനങ്ങളെ നേരിട്ട് കാണുകയും ഞങ്ങളുടെ ലക്ഷ്യവും വിശദീകരിക്കും. രാജ്യത്ത് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമ്പോൾ ജനങ്ങൾക്കായി ഞങ്ങൾ എന്തുചെയ്യുമെന്നും അവരോട് പറയും’ – ഖാർഗെ പറഞ്ഞു. കോൺഗ്രസ് പറയുന്നത് നടപ്പിലാക്കുമെന്ന് ജനങ്ങൾക്ക് വിശ്വാസമുണ്ട്. കർണാടകയിൽ ഇത് ഫലം കണ്ടതാണെന്നും കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി.

വാഗ്ദാനങ്ങൾ പാലിക്കാതെ ജനങ്ങളെ കബളിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനമാണ് ഖാർഗെ നടത്തിയത്. മോദി നൽകിയ മോഹനവാഗ്ദാനങ്ങൾ ഒന്നും തന്നെ നടപ്പാക്കാതെ ജനങ്ങളെ വഞ്ചിച്ചു. മോദി ഭരണകൂടം പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുകയാണെന്നും കോൺഗ്രസിന്‍റെ അക്കൗണ്ടുകൾ കൊള്ളയടിച്ച് രാജ്യത്തെ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ഖാർഗെ പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കോൺഗ്രസ് എന്നും ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുമെന്നും മല്ലികാർജുൻ ഖാർഗെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Comments (0)
Add Comment