ഇന്ധന വിലക്കയറ്റത്തിനെതിരായ സമരം : കാർ തകർത്തെന്ന പേരില്‍ യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു ; നിലപാട് കടുപ്പിച്ച് കോൺഗ്രസ്

Jaihind Webdesk
Saturday, November 6, 2021

നടന്‍ ജോജു ജോർജ്ജിന്‍റെ കാർ തകർത്തെന്ന കേസില്‍ യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫിനെ  അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഷെരീഫിനെ കോടതിയിൽ ഹാജരാക്കും. ഏഴ് പ്രതികളുള്ള കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. നേരത്തെ ഐഎൻടിയുസി പ്രവർത്തകനായ ജോസഫ് അറസ്റ്റിലായിരുന്നു.

കോൺഗ്രസ് സമരവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലവിൽ മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോജുവിന്‍റെ വാഹനം തകർത്തെന്നതും  റോഡ് ഉപരോധിച്ച് സമരം നടത്തിയതിനും. ഇതിൽ 30 കോൺഗ്രസ് പ്രവർത്തകരെയാണ് പ്രതി ചേർത്തിട്ടുള്ളത്. മുൻ മേയർ ടോണി ചിമ്മിനി അടക്കമുള്ള നേതാക്കൻമാരും പ്രതികളാണ്.

അതേസമയം, ജോജു ജോർജിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതൃത്വം. അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. ദേശീയ പാത ഉപരോധ സമരത്തെ തുടർന്ന് നടൻ ജോജു ജോർജും കോൺഗ്രസ് നേതാക്കളും നടത്തിയ വിവാദ പ്രസ്താവനകളിൽ ആണ് തർക്കം. ജോജു കള്ളക്കേസ് നൽകിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ്.