K Muraleedharan| തദ്ദേശ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പൂര്‍ണസജ്ജം; തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കും; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും കെ. മുരളീധരന്‍

Jaihind News Bureau
Sunday, November 2, 2025

 

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് കെപിസിസി പൂര്‍ണ്ണമായും സജ്ജമാണെന്ന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ കെ. മുരളീധരന്‍. ജയ്ഹിന്ദ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവില്‍ എല്‍.ഡി.എഫ് ഭരണത്തിലുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇത്തവണ പിടിച്ചെടുക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കി. യുവ നേതാക്കള്‍ക്ക് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പട്ടികയായിരിക്കും പുറത്തിറക്കുക.

യുവ നേതാക്കളില്‍ പ്രമുഖനായ കെ.എസ്. ശബരീനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരരംഗത്തുണ്ടാകും. മുതിര്‍ന്ന നേതാക്കളുടെ അനുഭവസമ്പത്തും യുവ നേതാക്കളുടെ ഊര്‍ജ്ജസ്വലതയും ഒരുമിപ്പിച്ചായിരിക്കും കോണ്‍ഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വിജയത്തില്‍ കുറഞ്ഞതൊന്നും ഇത്തവണ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.