കുതിരാന്‍ റോഡ് തകർച്ചക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, October 29, 2019

തൃശൂർ-പാലക്കാട് ദേശീയ പാതയിൽ ആയിരക്കണക്കിനാളുകളെ ദുരിതത്തിലാക്കുന്ന കുതിരാൻ റോഡ് തകർച്ചക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. എം.പിമാരായ ടി.എൻ പ്രതാപനും രമ്യ ഹരിദാസും നേതൃത്വം നൽകിയ ഏകദിന ഉപവാസം ജനപങ്കാളിത്തം കൊണ്ടാണ് ശ്രദ്ധ നേടിയത്.

ഉറപ്പുകളെല്ലാം പാഴായി. കുതിരാൻ ഇപ്പോഴും കുരുക്കായി തുടരുന്നു. നാളുകളായി കുതിരാനിലെ ബ്ലോക്കിൽ ആളുടെ ജോലി മുടങ്ങുന്നു, ചികിത്സ വൈകുന്നു, വിദ്യാർത്ഥികളുടെ പഠനം പാതി വഴിയിൽ അവസാനിക്കുന്നു. രണ്ട് ജില്ലകളിലെ പതിനായിര കണക്കിന് ആളുകളെ ബാധിക്കുന്ന ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറ നയം തുടരുകയാണ്.

കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നിരവധി സൂചനാ സമരങ്ങൾ നടത്തി. ജനകീയ സമിതി കഴിഞ്ഞ ഏഴ് ദിവസമായി നിരാഹാര സമരവും നടത്തി വരികയാണ്. ഈ സാഹചര്യത്തിലാണ് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പിമാരായ ടി.എൻ പ്രതാപനും രമ്യ ഹരിദാസും ഉപവാസ സമരം നടത്തിയത്. റോഡ് പണി പൂർത്തിയാക്കാത്ത കെ.എം.സി കമ്പനിക്കെതിരെയും നാഷണൽ ഹൈവേ അതോറിറ്റി ചെയർമാനെതിരെയും നരഹത്യക്ക് കേസെടുക്കണമെന്ന് സമരപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ടി.എൻ പ്രതാപൻ എം.പി പറഞ്ഞു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കെസി അഭിലാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ ലീലാമ്മ തോമസ്, മുൻ എം.എൽ.എ എം.പി വിൻസന്‍റ്, ഷാജി കോടംകണ്ടത്ത്, സുന്ദരൻ കുന്നത്തുള്ളി തുടങ്ങിയവരും സംസാരിച്ചു.